സംസ്ഥാനത്ത് കലിതുള്ളി പെരുമഴ, കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോയി, മഴക്കെടുതിയിൽ ഇന്ന് മൂന്നു മരണം, കണ്ണൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടി, മണിമലയാർ അപകടനില കടന്ന് ഒഴുകുന്നു, തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് മൂന്നു മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ടരവയസുള്ള കുട്ടിയും ഉൾപ്പെടുന്നു. റിയാസ്, രാജേഷ്, രണ്ടരവയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും കുട്ടിയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. കൂട്ടിക്കലില്‍ ഒഴുക്കിൽപ്പെട്ടാണ് റിയാസ് മരിച്ചത്.
നാട്ടുകാർ നടത്തിയ തിരിച്ചിലിൽ മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു റിയാസിന്‍റെ മൃതദ്ദേഹം കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് നെടുംപുറം ചാൽ സബ് സെന്റർറിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നാദിറയുടെ മകളാണ് രണ്ടരവയസുകാരി നുമ തസ്‌ലീന.കാണാതായ കുഞ്ഞിന്‍റെ മൃതദേഹം രാവിലെ കണ്ടെത്തുകയായിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവർ താമസിക്കുന്ന ക്വാട്ടേഴ്‌സിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഈ സമയം തറയിൽ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു. പുലര്‍ച്ചെ വരെ തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഇരുന്നൂറ് മീറ്റർ അകലെയുള്ള കുളത്തിനരികെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍. കണ്ണൂർ അടച്ചൂറ്റി പാറയിൽ കൃപ അഗതി മന്ദിരത്തിൽ വെള്ളം കയറി. ഇവിടുത്തെ അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇരുപത് വളർത്ത് മൃഗങ്ങൾ ഒലിച്ചു പോയി.നിരവധി വാഹനങ്ങൾ ഒലിച്ചു പോയി.
നെടും പൊയിൽ മാനന്തവാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. കണ്ണൂരില്‍ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടിയതായാണ് വിവരം. ശക്തമായ മഴയിൽ എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ട്. കൊല്ലത്ത് മഴക്ക് നേരിയ ശമനമുണ്ട്. തീരദേശത്ത് കാറ്റിന്‍റെ ശക്തി കുറഞ്ഞു. വലിയ ബോട്ടുകളിൽ പോയ മത്സ്യത്തൊഴിലാളികൾ എല്ലാവരും മടങ്ങിയെത്താത്തത് ആശങ്കയുണ്ടാക്കുന്നു.
അതേസമയം മലപ്പുറം ജില്ലയിൽ ഇന്നലെ രാത്രി ചിലയിടങ്ങളിൽ കനത്ത മഴ ലഭിച്ചു. നദികളിലെ ജലനിരപ്പ് നിലവിൽ അപകടാവസ്ഥയിലല്ല. അങ്ങാടിപ്പുറം വില്ലേജിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലത്ത് കിഴക്കേമുക്ക് ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ നാല് കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ഒരു കുടുംബത്തെ അടുത്തുള്ള ഒരു സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റിപാർപ്പിച്ചു. നിലമ്പൂരിൽ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
അതുപോലെ തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ ,പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു.
https://www.facebook.com/Malayalivartha