പൊന്നാനിയനെ രക്ഷിക്കാൻ 47കോടി സമാഹരിച്ച അഫ്ര മോൾ ഇനി കണ്ണീരോർമ്മ... അസുഖ ബാധിതയായി ആശുപത്രിയിൽ കഴിയവേ വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഉപ്പയോട് ആംഗ്യ ഭാഷയിൽ സംസാരം: പെട്ടന്ന് ആരോഗ്യനില വഷളായി... അഫ്രയുടെ വിയോഗത്തിൽ തേങ്ങി കേരളക്കര

എസ്എംഎ രോഗബാധിതനായ സഹോദരൻ മുഹമ്മദിന് ചികിത്സാസഹായം അഭ്യർത്ഥിച്ച് 47.5 കോടി രൂപ സമാഹരിച്ച മാട്ടൂൽ സെൻട്രലിലെ അഫ്രയുടെ മരണത്തിൽ വിതുമ്പി കേരളം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എംഎ രോഗബാധിതയായ അഫ്രക്ക് ആവശ്യമായ മരുന്ന് ലഭിക്കാത്തതുകൊണ്ട് വീൽചെയറിൽ ജീവിതം കഴിച്ചുകൂട്ടേണ്ട അവസ്ഥ വരികയായിരുന്നു. തനിക്കുണ്ടായ വേദന തന്റെ സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ ആഗ്രഹം. അതിനായി വീൽചെയറിൽ ഇരുന്ന് നടത്തിയ സഹായാഭ്യർത്ഥനയ്ക്ക് വിവിധഭാഗങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. അഫ്രയുടെ അഭ്യർഥനയ്ക്ക് പിന്നാലെ കോടികളാണ് മുഹമ്മദിനായി എത്തിയത്.
അഫ്രയുടെ രോഗ വിവരമറിഞ്ഞ് മുമ്പ് സഹായം ചെയ്ത നിരവധിപേർ വീണ്ടും സഹായം വാഗ്ദാനം ചെയ്തു അഫ്രയുടെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം അഫ്രക്ക് വീൽ ചെയർ നൽകിയിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നേരിട്ട് വീട്ടിലെത്തിയാണ് വീൽചെയർ കൈമാറിയിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
എസ്എംഎ അസുഖത്തിനുള്ള ചികിത്സ അഫ്രയ്ക്ക് നടക്കുന്നതിനിടയിലായിരുന്നു അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അസുഖം മാറി അഫ്ര തിരിച്ചുവരുന്നത് കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. പഠിക്കാൻ മിടുക്കിയായിരുന്ന അഫ്രയുടെ ലക്ഷ്യം ഡോക്ടറാകണമെന്നായിരുന്നു. പുഞ്ചിരിയോടെ മാത്രം ക്ലാസിലിരിക്കുന്ന അഫ്രയുടെ വിയോഗം സഹപാഠികളെയും അധ്യാപകരെയുമെല്ലാം തീരാവേദനയിലാഴ്ത്തി.
ഏതാനും ദിവസം മുമ്പുവരെ വരെ അഫ്ര സ്കൂളിലെത്തിയിരുന്നു. മക്കളുടെ ചികിത്സയ്ക്കായി ഇടയ്ക്കിടെ നാട്ടിലെത്തിയിരുന്ന റഫീഖ് ഇരുവർക്കും മരുന്നു നൽകാനായതിന്റെ ആശ്വാസത്തിലായിരുന്നു വീണ്ടും ഗൾഫിലേക്കു മടങ്ങിയത്. മകൾ ആശുപത്രിയിലായതോടെ വിദേശത്ത് ജോലിക്കുപോയ റഫീഖ് നാട്ടിൽ തിരികെ എത്തുകയായിരുന്നു. പുലർച്ചെ 3 വരെ അഫ്ര റഫീഖിന്റെ ചോദ്യങ്ങളോട് ആംഗ്യ ഭാഷയിൽ പ്രതികരിക്കുന്നുണ്ടായിരുന്നു. നാലോടെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു.
കേരളക്കര ഒറ്റക്കെട്ടായാണ് മുഹമ്മദിന്റെ ചികിത്സക്കാവശ്യമായ 18 കോടിയുടെ സോള്‍ജസ്മ എന്ന മരുന്ന് വാങ്ങുന്നതിനായി പ്രയത്നിച്ചത്. അന്ന് അഫ്രയുടെ വോയിസ് ക്ലിപ്പ് ചികിത്സക്കാവശ്യമായ പണം വേഗത്തിലെത്താന്‍ സഹായിച്ചു. അതുകൊണ്ട് തന്നെ മരുന്നിനാവശ്യമായ പണത്തിനെക്കാള്‍ അധിക പണം അക്കൗണ്ടിലേക്കെത്തിയിരുന്നു.
മുഹമ്മദിന്റെ മരുന്നിനും അഫ്രയുടെ തുടര്‍ ചിലവുകള്‍ക്കും വേണ്ടി പണവും കഴിച്ച് ബാക്കി തുക സമാന അസുഖവുമായി ചികിത്സയില്‍ കഴിയുന്ന ലക്ഷദ്വീപിലെ കുട്ടിക്കും ചപ്പാരപ്പടവിലെ ഖാസിം എന്ന കുട്ടിക്കും വീതിച്ച് നല്‍കുകയായിരുന്നു. 2021 ആഗസ്ത് 24നാണ് മുഹമ്മദിന് മരുന്ന് കുത്തിവെച്ചത്. ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha