പെയ്‌തൊഴിയാതെ ദുരിതം: മുൻ പ്രളയങ്ങളിലെ രക്ഷാപ്രവർത്തകനായിരുന്ന റിയാസ് ഇന്ന് പ്രളയത്തിന്റെ ഇരയായി

കുട്ടിക്കല്ലിൽ കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്ന റിയാസ് ഇത്തവണത്തെ പ്രളയത്തിൽ രക്തസാക്ഷിയായി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിൽ പുല്ലകയാറ്റിൽ വെള്ളം ഉയർന്നത് കാണുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ കന്നുപറമ്പിൽ റിയാസി (45)-ന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തി.
അതേസമയം പുല്ലകയാറിന്റെ ആഴവും പരപ്പും അറിയാവുന്ന നീന്തൽക്കാരൻ കൂടിയായിരുന്ന കെ.ഇ. റിയാസിന്റെ വേർപാട് സുഹൃത്തുക്കൾക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലാണ് കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നു 500 മീറ്റർ മാറി ജലനിധി കിണറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ, മന്ത്രി വി.എൻ. വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., മുൻ എം.എൽ.എ. കെ.ജെ.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ മൂന്നരയോടെ കൂട്ടിക്കൽ മുഹയ്യുദ്ദീൻ ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി. ഭാര്യ: റസിയ. മക്കൾ: റിസാന, റാഷിദ, റംസിയ.
https://www.facebook.com/Malayalivartha