മൂവാറ്റുപുഴ പാലത്തിൽ ഭീമൻകുഴി: പത്തു മീറ്ററോളം ആഴവും മൂന്നര മീറ്ററോളം ചുറ്റളവും; മൂടാൻ 6 ടോറസ് ലോറി നിറയെ ജിഎസ്ബി മിശ്രിതം

മൂവാറ്റുപുഴയിൽ 1978ൽ നിർമിച്ച കച്ചേരിത്താഴം പാലത്തിൽ ഭീമൻകുഴി. ഈ കാലഘട്ടത്തിൽ നിർമ്മിച്ച കച്ചേരിത്താഴം പാലത്തിനു വേണ്ടി അപ്രോച്ച് റോഡിന്റെ അടിയിലൂടെ ഓടയും കലുങ്കും ഉണ്ടാകാനിടയുണ്ടെന്നും ഇവയ്ക്കു സംഭവിച്ച ചോർച്ചയാകാം മണ്ണിടിഞ്ഞു കുഴിയുണ്ടാകാൻ കാരണമെന്നുമാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
അതേസമയം ഇതിൽ വ്യക്തത വരുത്താൻ ജിയോ ടെക്നിക്കൽ എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധന വേണമെന്നും അവർ പറയുന്നു. ഇപ്പോൾ രൂപപ്പെട്ട പത്തു മീറ്ററോളം ആഴവും മൂന്നര മീറ്ററോളം ചുറ്റളവുമുള്ള കുഴി മൂടുന്നതിനു 6 ടോറസ് ലോറി നിറയെ ജിഎസ്ബി മിശ്രിതം വേണ്ടി വന്നു. എന്നാൽ കുഴി മൂടിയെങ്കിലും രണ്ടു ദിവസം കൂടി പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കും. കുറച്ചു ദിവസം പാലത്തിന്റെ ഒരു വശത്തു കൂടി മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുക.
ഇതുസംബന്ധിച്ച് വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എംസി റോഡിൽ മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡിലെ കുഴി അടച്ചെങ്കിലും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നു കഴിഞ്ഞാൽ റോഡ് പൂർണമായി കുഴിച്ചു പരിശോധിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്. മറ്റു വകുപ്പുകളുടെ സഹായത്തോടെ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പരിശോധന പൂർത്തിയാക്കും. അതിനു ശേഷം പൂർണതോതിൽ റോഡ് ഗതാഗത യോഗ്യമാക്കും.
https://www.facebook.com/Malayalivartha


























