സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി, കോട്ടയത്ത് വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പാടശേഖരത്ത് കണ്ടെത്തി

കോട്ടയത്ത് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം മണര്‍കാട് പാടശേഖരത്ത് കണ്ടെത്തി. മണര്‍കാട് സ്വദേശി ജോയല്‍ മാത്യുവാണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ജോയല്‍ പാടശേഖരത്ത വെള്ളക്കെട്ടില്‍ അപകടത്തില്‍പ്പെട്ടത്. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തിയത്.
കഴിഞ്ഞ ദിവസം തൃശ്ശൂരിലും മധ്യവയസ്കൻ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. തൃശൂർ പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ആറുമണിയോടെ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു.
അതേസമയം കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്.
https://www.facebook.com/Malayalivartha


























