കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം സ്വര്‍ണക്കടത്തു സംഘം തട്ടി കൊണ്ട് പോയ ഇര്‍ഷാദിന്റേതെന്ന് സംശയം

കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം സ്വര്‍ണക്കടത്തു സംഘം തട്ടി കൊണ്ട് പോയ ഇര്‍ഷാദിന്റേതെന്ന് നിഗമനം. അതേസമയം കാണാതായ മേപ്പയൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹം ആണിതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ച് മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ പൊലീസ് എഫ്എസ്എല്‍ പരിശോധനയില്‍ ദീപകിന്റെ മൃതദേഹം അല്ലെന്നു കണ്ടെത്തി.
തുടര്‍ന്ന് ഇര്‍ഷാദിന്റെ ഉമ്മയുടെ രക്തം എടുത്തു എഫ്എസ്എല്‍ ലാബിലേക്കു പൊലീസ് അയച്ചു. ഇതില്‍ നിന്നാണ് ഇര്‍ഷാദിന്റെ മൃതദേഹമാണ് ഇതെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്. ഇര്‍ഷാദ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലായിട്ട് മൂന്നാഴ്ചയോളമായി.
ഇയാളെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ സംഘം ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇര്‍ഷാദ് ബന്ധുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പരാമര്‍ശമുള്ള പന്തിരിക്കര സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അവരോട് വാങ്ങിയ സ്വര്‍ണത്തിന്റെ തുക ലഭിക്കാതെ ഇര്‍ഷാദിനെ വിട്ടുകൊടുക്കില്ലെന്നും ബന്ധുക്കളെ അറിയിച്ചു. പൊലീസില്‍ അറിയിച്ചാല്‍ ഇര്‍ഷാദിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, ഭീഷണി വകവെക്കാതെ യുവാവിന്റെ മാതാവ് കഴിഞ്ഞദിവസം പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
അറസ്റ്റിലായ ഷമീറിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടും കത്തികാട്ടി ഭീഷണിപ്പെടുത്തിയും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. പ്രവാസിയായിരുന്ന ഇര്‍ഷാദ് സ്വര്‍ണക്കടത്ത് സംഘത്തിനുവേണ്ടി സ്വര്‍ണം കടത്തിയിരുന്നതായാണ് വിവരം. കടത്തിയ സ്വര്‍ണം സംഘത്തിന് ലഭിക്കാതായതോടെയാണ് തട്ടിക്കൊണ്ടുപോയത്. കൊണ്ടുവന്ന സ്വര്‍ണം മറ്റൊരു സംഘം കൈക്കലാക്കിയെന്നാണ് ശബ്ദസന്ദേശത്തില്‍നിന്ന് പൊലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha

























