മദ്യപാനത്തിനിടെ തര്‍ക്കം, ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി, വയനാട്ടിൽ അറുപത്തിയഞ്ചുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ഭര്‍ത്താവ് അറസ്റ്റില്‍

വയനാട്ടിൽ അറുപത്തിയഞ്ചുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഭര്‍ത്താവ് അറസ്റ്റില്‍. നൂല്‍പ്പുഴ - പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ജൂണ്‍ 19നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചക്കി (65) അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചത്.
അപകടമരണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയാണ് കൊലപാതകം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പൊലീസ് ഭര്‍ത്താവ് ഗോപിയെ വിശദമായി ചോദ്യം ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ചക്കിയെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു.
കാട്ടാനയെ പ്രതിരോധിക്കുന്നതിനു വേണ്ടി നിര്‍മ്മിച്ച കിടങ്ങില്‍ വീണ് പരുക്കേറ്റ് ചക്കി മരിച്ചതാണെന്ന് ഭര്‍ത്താവ് ഗോപി മറ്റുള്ളവരെ ധരിപ്പിക്കുകയായിരുന്നു. പിന്നാലെ മൃതദേഹം വേഗത്തില്‍ അടക്കം ചെയ്തു. എന്നാല്‍ ചക്കി കൊല്ലപ്പെട്ടതാണെന്ന സംശയം ഉയർന്നതിനാൽ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.
തുടര്‍ന്ന് ബത്തേരി പൊലീസ് വ്യാഴാഴ്ച ഗോപിയെ കസ്റ്റഡിയില്‍ എടുത്തു. ചക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മോധാവിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. ശാസ്ത്രീയ പരിശോധനയില്‍ ചക്കി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി.
ചക്കിയുടെ തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























