ഫ്രീയായി വന്‍ പബ്ലിസിറ്റി... ന്നാ താന്‍ കേസ് കൊട് എന്ന ടൈറ്റില്‍ പോലെയായി കാര്യങ്ങള്‍; കുഴിയെച്ചൊല്ലി സഖാക്കള്‍ ഏറ്റ്മുട്ടിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു സിനിമയിലെ കുഴി തമിഴ്‌നാട്ടിലേതെന്ന്; അവസാനം മന്ത്രിയുമായി സംസാരിച്ചു, തെറ്റിദ്ധാരണ മാറി; പരമ സന്തോഷം

റോഡിലെ കുഴിയാണ് എല്ലായിടത്തും സംസാരം. അതിനിടയ്ക്കാണ് 'ന്നാ താന്‍ കേസുകൊട്' എന്ന ചിത്രത്തിന്റെ പരസ്യം വന്നത്. സിനിമയുടെ പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇടത് അനുകൂല സൈബര്‍ ഇടങ്ങളില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു.
അതോടെ ചാനലുകാര്‍ ഏറ്റെടുത്തു വലിയ പബ്ലിസിറ്റിയുണ്ടായി. അവസാനം കുഞ്ചാക്കോ തന്നെ പറഞ്ഞു വെറുതേ തല്ല് കൂടരുത് സിനിമയിലെ കുഴി തമിഴ്‌നാട്ടിലെന്ന്. അറ്റാക്ക് നടത്തിയ സഖാക്കളെല്ലാം എസ്‌കേപ്പ്. ചിത്രത്തെ സംബന്ധിച്ച എല്ലാ തെറ്റിദ്ധാരണകളും മാറിയതായി അറിയുന്നുവെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഇതു കണ്ട് കൂടുതല്‍ സന്തോഷം. സിനിമയുടെ പരസ്യം കണ്ട് ആദ്യം ചിരിച്ചു. സിനിമ എന്തെന്ന് അറിയാതെയുള്ള ആക്രമണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ വിഭാഗത്തിനെതിരായ സിനിമയല്ല ഇത്. കോവിഡിന് മുന്‍പാണ് ഈ സിനിമയുടെ ആശയം ഉണ്ടാകുന്നത്. ഈ സമയത്തു തന്നെ സിനിമ ഇറങ്ങുമെന്ന് ധാരണയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും കരുതിയിരുന്നില്ല. ഒരു പാര്‍ട്ടിയെ ഉന്നംവച്ചാണ് സിനിമ ഇറക്കിയതെന്നും പരസ്യവാചകം ഇറക്കിയതെന്നും പറയുന്നത് തെറ്റിദ്ധാരണ മാത്രമാണ്.
റോഡിന്റെ ശോചനീയാവസ്ഥ കാലങ്ങളായി ജനം അനുഭവിച്ചുവരുന്നവയാണ്. അത് ഏതു പാര്‍ട്ടി ഭരിച്ചാലും ഇതേ അവസ്ഥ തന്നെയാണ്. ഇതിന് സ്ഥായിയായ പരിഹാരം ഉണ്ടാകുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. സാധാരണക്കാരന്റെ ഭാഗത്തുനിന്നുകൊണ്ട് എടുത്ത സിനിമയെ ചെറിയ വിഭാഗം തെറ്റിദ്ധരിക്കുകയും ടെലഗ്രാമില്‍ സിനിമ കാണുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അതിനേക്കാള്‍ ഹീനമായ പ്രവൃത്തിയാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
മന്ത്രി അതിന്റെ സ്പിരിറ്റില്‍ മാത്രമാണ് വിഷയത്തെ എടുത്തതെന്നും കുഴി എന്ന പരസ്യവാചകത്തിലൂടെ മുതലെടുപ്പിന് ശ്രമിച്ചതല്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് പൊതുവാള്‍ പറഞ്ഞു.
ഞാന്‍ ആസ്വദിച്ച പരസ്യമാണതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിനിമ കണ്ട് കഴിയുമ്പോള്‍ ആ പരസ്യം മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് കുറച്ച് കൂടി വ്യക്തമാകും. ആളുകള്‍ക്കും അത് റിലേറ്റ് ചെയ്യുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ കണ്ട് എനിക്കും മനസ്സിലായത്. ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം. കുഴിയൊരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കും എന്ന് നര്‍മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.
ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്. മാറി മാറി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സിനിമയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് അറിയില്ല. ഇതിലെ നല്ലത് എന്താണെന്ന് കണ്ട് മനസ്സിലാക്കുക. നമ്മള്‍ എത്ര മര്യാദയ്ക്ക് ഓടിച്ചാലും കുഴിയില്‍ വീണാല്‍, കൂടെ ഇരിക്കുന്നവര്‍ പറയും മര്യാദയ്ക്ക് ഓടിക്കാന്‍. അല്ലാതെ ഇത്രയും ദൂരം നന്നായി ഓടിച്ചതിനെക്കുറിച്ച് അവര്‍ പറയില്ല.
ചിത്രത്തിന്റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പേ സംഭവിച്ചതാണ്. അല്ലാതെ ഇന്നത്തെ സാഹചര്യം കൊണ്ട് മനഃപൂര്‍വം സംഭവിച്ചതല്ല. സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണ്. ഈ സിനിമയുടെ മൂലകഥ തന്നെ തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണ്. അതും തമിഴ്‌നാട്ടിലെ കുഴി കൊണ്ടുണ്ടാകുന്ന പ്രശ്‌നം. ഇനി തമിഴ്‌നാട് സര്‍ക്കാരിനെതിരെയാണ് ഈ സിനിമയെന്ന് പറയുമോ? ഞാനെന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണ്. വിവാദങ്ങളുെട ആവശ്യമില്ലെന്നാണ് എനിക്ക് പറയാനുള്ളതെന്നും ചാക്കോച്ചന്‍ വ്യക്തമാക്കി. എന്തായാലും സിനിമയ്ക്ക് സഖാക്കള്‍ കാരണം വലിയ പബ്ലിസിറ്റിയാണ് കിട്ടിയത്.
"
https://www.facebook.com/Malayalivartha























