സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് തടവുകാര്‍ക്ക് കൂട്ടമോചനം.... ജയിലില്‍ മര്യാദക്കാരായി കഴിയുന്ന തടവുകാരെ മൂന്നുഘട്ടങ്ങളിലായി വിട്ടയക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് തടവുകാര്‍ക്ക് കൂട്ടമോചനം. ജയിലില്‍ മര്യാദക്കാരായി കഴിയുന്ന തടവുകാരെ 2022 ഓഗസ്റ്റ് 15, 2023 ജനുവരി 26, 2023 ഓഗസ്റ്റ് 15 എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായി വിട്ടയക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം.
ഇതനുസരിച്ച് 33 തടവുകാരുടെ മോചനത്തിനുള്ള ആദ്യ പട്ടിക സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. അടുത്ത രണ്ടുഘട്ടത്തില്‍ മോചിപ്പിക്കേണ്ടവരെ കണ്ടെത്താനുള്ള നടപടികളിലേക്കും കടന്നിട്ടുണ്ട്.
സ്വാതന്ത്ര്യദിന ജൂബിലിയാഘോഷത്തിന്റെ ഭാഗമായി കേന്ദ്രനിര്‍ദേശത്തിന് മുമ്പുതന്നെ അബ്കാരി കേസിലെ പ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 പേരെ മോചിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുപുറമേയാണ് കേന്ദ്രനിര്‍ദേശപ്രകാരമുള്ള തടവുകാരുടെ മോചനം.
ജയില്‍ശിക്ഷയനുഭവിച്ചുവരുന്നതിനിടെ മൂന്നുവര്‍ഷത്തിനുള്ളില്‍ മറ്റു കുറ്റങ്ങളില്‍പ്പെട്ടവരെ മോചനത്തിന് പരിഗണിക്കരുതെന്ന പൊതുവായ നിര്‍ദേശമുണ്ട്.ആഭ്യന്തര, നിയമവകുപ്പ് സെക്രട്ടറിമാരും ജയില്‍വകുപ്പ് മേധാവിയും അടങ്ങുന്ന സമിതി പട്ടിക തയ്യാറാക്കും. തുടര്‍ന്ന് മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് നല്‍കും.
വ്യവസ്ഥകള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് രാജ്ഭവന്‍ പരിശോധിച്ച് പട്ടിക ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെയാണ് മോചന ഉത്തരവ് പുറത്തിറങ്ങുക.
മോചനത്തിന് പരിഗണിക്കപ്പെടുന്നവരിങ്ങനെ.... ശിക്ഷാ കാലയളവ് പകുതി അനുഭവിച്ച 50 വയസ്സുള്ള വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, 60 വയസ്സുള്ള പുരുഷന്‍മാര്‍, 70 ശതമാനം അംഗവൈകല്യമുള്ളവര്‍, മാരകമായ രോഗമുള്ളവര്‍, ശിക്ഷാകാലയളവിന്റെ മൂന്നില്‍രണ്ട് അനുഭവിച്ചവര്‍, തടവുകാലം കഴിഞ്ഞെങ്കിലും നഷ്ടപരിഹാരത്തുക നല്‍കാത്തതിനാല്‍ അതിന് പകരമായ തടവനുഭവിക്കുന്നവര്‍ (ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാമ്പത്തികശേഷിയില്ലെന്ന് സംസ്ഥാനസര്‍ക്കാരിന് ബോധ്യപ്പെടണം), 18-21 വയസ്സില്‍ കുറ്റംചെയ്യുകയും എന്നാല്‍, മറ്റു കേസിലൊന്നുംപെടാത്തവരുമായ പകുതി ശിക്ഷാകാലം അനുഭവിച്ചവര്‍ എന്നിങ്ങനെയാണ്.
ശിക്ഷായിളവിന് പരിഗണിക്കപ്പെടാത്തവരിങ്ങനെ.... വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും വധശിക്ഷ ജീവപര്യന്തമായി കുറച്ച് കിട്ടിയവരും, സ്ത്രീധനമരണ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍, കള്ളനോട്ട്, കള്ളപ്പണം, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശനാണയവിനിമയം നികുതിനിയമം, ആയുധനിയമം എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍, മയക്കുമരുന്നു കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍,അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവരും രാജ്യദ്രോഹക്കേസുകളില്‍ (ഐ.പി.സി- ആറ്) പെട്ടവരും, ജീവപര്യന്തംശിക്ഷ വിധിക്കപ്പെട്ടവര്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷ ലഭിച്ചവരും ടാഡ, പോട്ട, യു.എ.പി.എ, ദേശീയസുരക്ഷാനിയമം, ഔദ്യോഗിക രഹസ്യനിയമം, സ്ഫോടനം, തട്ടിക്കൊണ്ടുപോകല്‍ നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുന്നവര്‍, പരിഗണിക്കപ്പെടാത്തവരുടെ ലിസ്റ്റിലാണ്.
"
https://www.facebook.com/Malayalivartha























