ആദ്യഘട്ടം അധികാരത്തിലായിരിക്കുമ്പോൾ എങ്ങനെ ആയിരുന്നോ അതിനേക്കാൾ ഒരുപാട് വിദൂരത്തിലാണ് രണ്ടാം പിണറായി സർക്കാർ; വിവിധ മന്ത്രിമാരുടെ കീഴിലുള്ള വകുപ്പുകളുടെ പ്രവർത്തനം മോശമാണ്; മന്ത്രിമാരുടെ ഓഫീസിൽ ജനകീയ വിഷയങ്ങളുമായി ചെല്ലുന്നവരോട് മോശമായ പെരുമാറ്റം; സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങൾ പരിഹരിക്കാതെ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ട് കൊടുത്തിട്ട് കൈകെട്ടി ഇരിക്കുന്നു; ഫോൺ വിളിച്ചാൽ എടുക്കുന്നില്ല; സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പിണറായി സർക്കാരിന് വിമർശന പെരുമഴ

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സർക്കാരിനെതിരേയും വമ്പൻ വിമർശന ശരങ്ങൾ ആണ് എയ്തു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് പുറമെയാണ് സ്വന്തം തട്ടകത്തിൽ നിന്നും മുഖ്യന് വിമർശനം കേൾക്കേണ്ടി വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. നിരവധി പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദ്യഘട്ടം അധികാരത്തിൽ ആയിരിക്കുമ്പോൾ എങ്ങനെ ആയിരുന്നോ അതിനേക്കാൾ ഒരുപാട് വിദൂരത്തിലാണ് രണ്ടാം പിണറായി സർക്കാർ ഇപ്പോൾ ആയിരിക്കുന്നത് എന്നതാണ് പ്രധാന വിമർശനം.
സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആഭ്യന്തരം, പൊതുമരാമത്ത്, തദ്ദേശം, ആരോഗ്യം, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകൾക്കെതിരെയായിരുന്നു കൂടുതൽ വിമർശനത്തിനു വിധേയമായത്. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലും സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു.ഒന്നാം പിണറായി സർക്കാരിന് ജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനം ഇപ്പോഴില്ല എന്ന ഗൗരവകരമായ കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന വിമർശന സ്വരവും ഉയർന്നു കേൾക്കുകയുണ്ടായി.
ഇതിനിടയിൽ മന്ത്രി എം.വി.ഗോവിന്ദൻ സ്വയം വിമർശനം നടത്തിയത് വളരെയധികം ശ്രദ്ധിക്കേണ്ടുന്ന കാര്യം തന്നെയാണ്. വിവിധ മന്ത്രിമാരുടെ കീഴിലുള്ള വകുപ്പുകളുടെ പ്രവർത്തനം മോശമാണെന്ന സ്വയം വിമർശനമാണ് അദ്ദേഹം നടത്തിയത്. എന്നാൽ ഏതൊക്കെ മന്ത്രിമാരാണ് എന്ന് പേരെടുത്ത് പറയാതെയാണ് വിമർശനം നടത്തിയത്. മന്ത്രിമാരുടെ ഓഫീസിൽ ജനകീയ വിഷയങ്ങളുമായി ചെല്ലുന്നവരോട് മോശമായ പെരുമാറ്റമാണ് ഉണ്ടാകുന്നത് എന്ന വിമർശനം ശക്തമായി ഉയർന്നു. ഇത് സർക്കാരിനെ ജനങ്ങളിൽ നിന്നകറ്റുന്ന പ്രക്രിയയയാണ്.ചില മന്ത്രിമാരും എം.എൽ.എമാരും ഉദ്യോഗസ്ഥരും ജനങ്ങളും ഉൾപ്പെടെ വിളിച്ചാലും ഫോണെടുക്കാതിരിക്കുന്നതാണ് പതിവ്. എടുക്കാത്തത് പോട്ടെ തിരിച്ച് വിളിക്കാറില്ല.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളെ അവഗണിച്ച് കൊണ്ടാണ് ചില മന്ത്രിമാർ ഇപ്പോൾ അധികാരം നടത്തുന്നത് എന്നതാണ ശ്രദ്ധേയമായ കാര്യം. ജനപ്രതിനിധികൾ ജനങ്ങളെ ബാധിക്കുന്ന വകുപ്പുകളും വിഷയങ്ങളും മനസിലാക്കി പരിഹരിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. മറ്റൊരു പ്രധാന നിർദേശമായിരുന്നു ഘടകകക്ഷികളുടെ വകുപ്പുകളെ കയറൂരി വിടരുത് എന്ന നിർദേശം.
മന്ത്രിമാർ സ്വതന്ത്രമായി തീരുമാനമെടുക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നുണ്ടെന്ന വിമർശനവും ഉയരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന ചില വിഷയങ്ങൾ ഉണ്ട്. എന്നാൽ അത് പോലും പരിഹരിക്കാൻ നോക്കാതെ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ട് കൊടുത്തിട്ട് കൈകെട്ടി ഇരിക്കുകയാണ് പലരുമെന്ന വിമർശനവും ശക്തമായി ഉയർന്നു. മറ്റൊരു പ്രധാന ആക്ഷേപമായിരുന്നു ജനക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാർ സഹകരിക്കുന്നില്ല എന്ന കാര്യം. പലർക്കും യാത്ര ചെയ്യാൻ മടിയാണെന്നും എല്ലാം ഓൺലൈനിൽ മതിയെന്നാണ് പലരുടെയും ചിന്തയെന്നുമുള്ള വിമർശനവും ശക്തമായി ഉയരുകയുണ്ടായി.
ആഭ്യന്തര വകുപ്പിൽ ഉദ്യോഗസ്ഥ ഭരണം ഉണ്ടെന്നതായിരുന്നു മറ്റൊരു ആരോപണം . പൊലീസിന്റെ പ്രവർത്തനങ്ങളിലും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്ന് കേട്ടത്. ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം ഉദ്യോഗസ്ഥ മേധാവികളുടെ കയ്യിലാണെന്ന വിമർശനവും ശക്തമായി ഉയർന്നു. . രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കാൻ അനുവദിച്ചതാണ്ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന വിലയിരുത്തലും ശക്തമായിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു പോലും പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
സംഘപരിവാർ അനുകൂല പൊലീസുകാരുടെ കൈയിലാണ് പ്രധാന തസ്തികകൾ ഉള്ളത് . ഇത് നിയന്ത്രിക്കണം. പൊലീസിന്റെ പ്രവർത്തനങ്ങൾ അനാവശ്യമായ വിവാദങ്ങൾ വിളിച്ചുവരുത്തുന്നുണ്ടെന്ന നിർണ്ണായക വിവരവും അംഗങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി . .അതേസമയം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കുവാനിരിക്കുകയാണ്. എന്തായാലും വിമർശനങ്ങൾക്ക് അനുസരിച്ച് മന്ത്രിമാരും എം എൽഎമാരും അവരുടെ പ്രവർത്തനം,ക്രമീകരിക്കുമോ എന്നതാണ് കേരളം ഇനി ഉറ്റുനോക്കുന്നത് .
https://www.facebook.com/Malayalivartha























