അഴൂരിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമം: രക്ഷപ്പെടാൻ സമീപത്ത കടയില്‍ കയറിയ യുവാവിന്റെ ഓട്ടോ അടിച്ച് തകർത്ത് അക്രമി സംഘം

അഴൂരിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമം. ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഒരു സംഘമാളുകള്‍ പുറകെയോടി വെട്ടാന്‍ ശ്രമിച്ചത്. രക്ഷപ്പെടാൻ സമീപത്ത കടയില്‍ കയറിയ യുവാവിന്റെ ഓട്ടോ അടിച്ച് തകർത്ത് അക്രമിസംഘം. അഴുര്‍ ഗണപതിയാം കോവിലിനുസമീപം കോളിച്ചിറ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സക്കീറിനെയാണ് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടാനോടിച്ചത്. അഴൂര്‍ ഗണപതിയാംകോവിലിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അക്രമം. പരാതി നല്‍കിയിട്ടും അക്രമികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ഘോഷയാത്രയില്‍ പങ്കെടുത്തിരുന്ന കോളിച്ചിറ സ്വദേശിയും സക്കീറിന്റെ അയല്‍വാസിയുമായ എട്ടുവയസ്സുകാരനെ തിരികെ വീട്ടിലെത്തിക്കാന്‍ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് സക്കീര്‍ അഴൂര്‍ ക്ഷേത്രത്തിന് സമീപത്തെത്തിയിരുന്നു. എന്നാല്‍ കുട്ടിയെ സക്കീറിനൊപ്പം മടക്കി അയക്കുവാന്‍ ചിലര്‍ തയാറായില്ല.
കുട്ടിയുടെ രക്ഷിതാവിന്റെ ആവശ്യ പ്രകാരമാണ് താന്‍ വന്നതെന്ന് പറഞ്ഞിട്ടും കുട്ടിയെ സക്കീറിനൊപ്പം വിടില്ലെന്ന് ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയവരില്‍ ചിലര്‍ പറഞ്ഞു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം.
ഘോഷയാത്രയില്‍ പങ്കെടുത്തവരെ തിരികെ വീടുകളിലെത്തിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ അഴൂര്‍ ഗണപതിയാം കോവിലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന സക്കീറിനു നേരെ ആക്രമണം നടന്നത്.
രണ്ട് ബൈക്കുകളിലായി നാലുപേര്‍ വാളുമായി എത്തി സക്കീറിനു നേരെ പാഞ്ഞടുത്തു. അപകടം മനസ്സിലാക്കിയ സക്കീര്‍ ഓടി സമീപത്തെ കടയില്‍ കയറി വാതിലടച്ചു. തിരികെയെത്തിയ അക്രമികള്‍ സക്കീറിന്റെ ഓട്ടോറിക്ഷയെ വെട്ടിയും കമ്പികൊണ്ടടിച്ചും തകര്‍ത്തു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























