നമ്മുടെ സംസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാന പരിഗണനകളിൽ ഒന്നായി തന്നെയാണ് ഇത് കാണുന്നത്; ആ പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്; ഏത് തരത്തിലും മത്സ്യതൊഴിലാളികൾക്കൊപ്പം നിൽക്കുക എന്നുള്ളത് തന്നെയാണ് സർക്കാരിൻ്റെ നിലപാട്; ആ കാര്യത്തിൽ ഒരു ആശങ്കയും ആർക്കും ഉണ്ടാകേണ്ടതില്ല; നമ്മുടെ നാടിൻ്റെ പശ്ചാത്തലസൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്നതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ ബൃഹത് പദ്ധതികളെപ്പറ്റി സംസ്ഥാന സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നമ്മുടെ നാടിൻ്റെ പശ്ചാത്തലസൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്നതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ ബൃഹത് പദ്ധതികളെപ്പറ്റി സംസ്ഥാന സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പക്ഷെ പദ്ധതികൾ നടപ്പാക്കുമ്പോൾ സ്വഭാവികമായും ചില ആശങ്കൾ ഉയരുമെന്നത് നാം കാണേണ്ടതുണ്ട്. ആ ആശങ്കകൾക്ക് ആക്കം കൂട്ടാനും അടിസ്ഥാനരഹിതമായ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ല. ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് പിണറായി വിജയൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
നമ്മുടെ നാടിൻ്റെ പശ്ചാത്തലസൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്നതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ ബൃഹത് പദ്ധതികളെപ്പറ്റി സംസ്ഥാന സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പക്ഷെ പദ്ധതികൾ നടപ്പാക്കുമ്പോൾ സ്വഭാവികമായും ചില ആശങ്കൾ ഉയരുമെന്നത് നാം കാണേണ്ടതുണ്ട്. ആ ആശങ്കകൾക്ക് ആക്കം കൂട്ടാനും അടിസ്ഥാനരഹിതമായ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ല. പദ്ധതികൾ നടപ്പാക്കേണ്ടതില്ല, നാടിൻ്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയിൽ നിൽക്കട്ടെയെന്ന സമീപനം വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണ്.
വിഴിഞ്ഞം പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ അവ ചർച്ചകളിലൂടെ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകാനാണ് സർക്കാർ താൽപര്യപ്പെടുന്നത്. ആ ശ്രമം സർക്കാർ തുടരുക തന്നെ ചെയ്യും. ആ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനു പകരം തുരങ്കംവയ്ക്കുന്ന സമീപനം സ്വീകരിക്കുന്നത് ഭാവിതലമുറയോടുള്ള അനീതിയായി മാറുമെന്ന് ഓർക്കേണ്ടതുണ്ട്.
വിഴിഞ്ഞം തുറമുഖം പോലൊരു പശ്ചാത്തല വികസന പദ്ധതി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ഊർജ്ജം പകരാനും സഹായകമാകും. അതുപോലെ, അനുബന്ധ വികസനവും ജനജീവിതത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളും വലുതായിരിക്കും. ഇപ്പോൾ വിഴിഞ്ഞം പദ്ധതി നല്ല രീതിയിൽ പുരോഗമിച്ചു വരികയുമാണ്. ഇത്രയുമെത്താൻ നാട് വലിയ സംഭാവന നൽകിയിട്ടുണ്ട് എന്നും നാം ഓർക്കേണ്ടതുണ്ട്.
പശ്ചാത്തലസൗകര്യ വികസന പദ്ധതികളെ സങ്കുചിത വീക്ഷണത്തോടെയല്ല സർക്കാർ കാണുന്നത്. ഈ നാടിൻ്റെ വികസനത്തെപ്പറ്റി കൃത്യമായ കാഴ്ചപ്പാട് സർക്കാരിനുണ്ട്. അതിനാൽ വിഴിഞ്ഞം പദ്ധതിയെ അത് ഒരു തരത്തിലും നടപ്പാക്കേണ്ടതില്ല എന്നൊരു സമീപനം ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല. നാടിൻ്റെ പുരോഗതിയ്ക്ക് വിഘാതം സൃഷ്ടിക്കുകയല്ല, പകരം, പ്രതിസന്ധികൾ മറികടന്നു പൊതുനന്മ മുൻനിർത്തി മുന്നോട്ടു പോവുകയാണ് വേണ്ടത്. ഇത്തരമൊരു വലിയ പദ്ധതി വരുമ്പോൾ അതിൻ്റെ ഭാഗമായി സ്വാഭാവികമായും പ്രശ്‌നങ്ങൾ ഉണ്ടാകാം.
അത്തരം ഘട്ടങ്ങളിൽ ജനങ്ങൾക്ക് യാതൊരു നഷ്ടവും വരുത്താത്ത രീതിയിൽ അവരുടെ ആകുലതകൾ പരിഹരിക്കുക എന്നതാണ് സർക്കാരിൻ്റെ നയസമീപനം. പദ്ധതി നടപ്പാക്കുമ്പോൾ ആരുടെയും ജീവനോപാധിയും പാർപ്പിടവും നഷ്ടപ്പെടില്ല എന്നതാണ് ആ ഉറപ്പ്. അതിൽ സർക്കാർ ഉറച്ചുനിൽക്കുന്നു. അതുകൊണ്ട് എന്ത് പ്രശ്നമായാലും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണ് ആ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അക്കാര്യത്തിൽ ഒരു വിമുഖതയും സർക്കാരിനെ സംബന്ധിച്ചില്ല.
വീട് നഷ്ടപ്പെട്ട കുറച്ച് കുടുംബങ്ങൾ സ്കൂളുകളിലും ഗോഡൗണുകളിലുമായി നിലവിൽ താമസിക്കുന്ന സ്ഥിതിവിശേഷമുണ്ട്. 192 കുടുംബങ്ങൾക്ക് വലിയതുറ ഗ്രൗണ്ടിൽ ഫളാറ്റ് നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, അവിടെയുള്ള പ്രാദേശികമായ ചില ആവശ്യങ്ങൾ കാരണം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ വാടക നൽകി പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. വാടക നിശ്ചിയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായ പാർപ്പിടമൊരുമുക്കുന്ന പുനർഗേഹം പദ്ധതി ആവിഷ്കരിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ്. കടലിനോടു ചേർന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ അവർക്ക് സൗകര്യപ്രദമായ ഇടം കണ്ടെത്തി പുനരധിവസിപ്പിക്കുന്ന പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. 2,450 കോടി രൂപയാണ് ഈ ബൃഹത് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
നമ്മുടെ സംസ്ഥാനത്ത് ഏകദേശം 32,000 പരമ്പരാഗത മത്സ്യബന്ധന യാനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 90 ശതമാനവും മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നവയാണ്. മത്സ്യ ബന്ധനത്തിന് ആവശ്യമായ മണ്ണെണ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. പ്രതിവർഷം 1 ലക്ഷം കിലോലിറ്റർ മണ്ണെണ്ണയാണ് ആവശ്യമായി വരുന്നത്. ഇതിൽ 25,000 കിലോലിറ്ററിനു താഴെ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. കാർഷികാവശ്യത്തിനും ഇതര ആവശ്യത്തിനും ഇത് മതിയാകുന്നില്ല. മത്സ്യഫെഡ് മുഖേന വാങ്ങുന്ന മണ്ണെണക്കുള്ള സബ്സിഡി യഥാസമയം മത്സ്യതൊഴിലാളികളുടെ അക്കൗണ്ടിൽ നൽകി വരുന്നുണ്ട്.
ഈ പ്രശ്നം മത്സ്യതൊഴിലാളികളെ ഗൗരവകരമായി ബധിക്കുന്ന പ്രശ്നമാണ്. മണ്ണെണ്ണയുടെ വിലയാണെങ്കിൽ വലിയ തോതിൽ വർധിച്ചു പോവുകയാണ്. ആ പ്രശ്നവുമായി ബന്ധപ്പെട്ട് മുഴുവൻ മത്സ്യതൊഴിലാളി സംഘടകളെയും വിളിച്ച് ചർച്ച ചെയ്യാൻ ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിനു പുറമേ ഇക്കാര്യം ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രിയെ കണ്ട് ചർച്ച ചെയ്തിരുന്നു. അതിൻ്റെ ഭാഗമായി ചില കാര്യങ്ങൾ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുറമുഖ നിർമ്മാണത്തിൻ്റെ ഭാഗമായി വൻതോതിൽ തീരശോഷണമുണ്ടാകുന്നു എന്നതാണ് മറ്റൊരു ആശങ്ക. എന്നാൽ പാരിസ്ഥിതിക ആഘാത പഠനത്തിൽ അപാകതയുണ്ടെന്നും തീരശോഷണത്തിന് ഇടയുണ്ട് എന്ന് ആരോപിച്ച് ബഹു. സുപ്രീംകോടതിയിലും ദേശീയ ഹരിതട്രിബ്യൂണലിലും സമർപ്പിക്കപ്പെട്ട ഹർജികൾ നിരസിക്കുകയാണുണ്ടായത്. ഒരു വിധത്തിലുള്ള തീരശോഷണത്തിനും തുറമുഖ നിർമ്മാണം കാരണമാകുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് 2014 ൽ തുറമുഖ നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. ഹരിത ട്രിബ്യൂണൽ രൂപീകരിച്ച രണ്ട് വിദഗ്ധ സമിതികൾ എല്ലാ ആറു മാസം കൂടുമ്പോഴും ഇക്കാര്യം വിലയിരുത്തി ട്രിബ്യൂണലിന് റിപ്പോർട്ട് നൽകുന്നുണ്ട്.
2016 ൽ പുലിമുട്ട് ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപമെടുത്തതും നമ്മുടെ തീരത്തു വന്നെത്തിയതുമായ ചുഴലിക്കാറ്റുകൾ, ന്യൂനമർദ്ദം എന്നിവയാണ് തീരശോഷണത്തിനു പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്. നിർമ്മാണം ആരംഭിച്ച ശേഷം പ്രദേശത്തിൻ്റെ 5 കി.മീറ്റർ ദൂരപരിധിയിൽ യായൊരു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറയിലെയും ശംഖുമുഖത്തെയും തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണമാണെന്ന് പറയാൻ കഴിയാത്ത നിലയാണ്. 2021-22 ബജറ്റിൽ അഞ്ചു വർഷംകൊണ്ട് നടപ്പാക്കുന്ന 5,300 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിൽ 1,500 കോടി രൂപയുടെ പദ്ധതികൾ ആദ്യഘട്ടമായി സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചു. നമ്മുടെ തീരദേശത്ത് 10 പ്രദേശങ്ങൾ ഹോട്ട്‌സ്‌പോട്ടുകളായി തിരഞ്ഞെടുത്തു. കടലാക്രമണം ഏറ്റവും രൂക്ഷമായ ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി. ഇപ്പോൾ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രം പങ്കെടുക്കുന്ന ഒന്നാണ് എന്ന് പറയാൻ പറ്റില്ല. ചില ഇടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലുള്ള സമരമായാണ് ഇതിനെ കാണാൻ കഴിയുക.
എന്നാൽ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സജീവമായി ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. ഓഖിയുടെ സമയത്ത് സംസ്ഥാനത്ത് ഏറ്റവുമധികം ദുരിതാശ്വാസ ധനസഹായം നൽകിയ സർക്കാരാണിത്. 20 ലക്ഷം രൂപയാണ് അന്ന് മരണപ്പെട്ട ആളുടെ ആശ്രിതർക്ക് നൽകിയത്. ഇതിനു പുറമെ കേന്ദ്രവിഹിതമായി ലഭിച്ച രണ്ടു ലക്ഷം രൂപയും നൽകുകയുണ്ടായി. ഓഖിയുടെ പശ്ചാത്തലത്തിൽ ഇത്തരം അപകടങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനും അത്തരം സന്ദേശങ്ങൾ മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനും ആവശ്യമായ യാനങ്ങളും ജീവൻരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുകയും ഏകോപിതമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ആ മേഖലയിൽ നടപ്പാക്കുകയുമാണുണ്ടായത്. ഓഖിയുടെ ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച മുഴുവൻ തുകയും ആ മേഖലയുടെ ഉന്നമനത്തിനു വേണ്ടിയാണ് സർക്കാർ ചിലവഴിച്ചത്.
തീരദേശത്തുള്ളവരുടെ പട്ടയ അപേക്ഷകൾ മഹാഭൂരിപക്ഷവും സി ആർ സെഡ് പരിധിയിലാണ് വരുന്നത്. കേന്ദ്ര നിയമമനുസരിച്ച് ഇപ്പോൾ അത് കൊടുക്കുന്നതിന് പ്രയാസമുണ്ട്. ഇത് കേന്ദ്ര സർക്കാരിൻ്റെ മുന്നിൽ ഒരു പ്രശ്നമായി അവതരിപ്പിച്ച് കഴിഞ്ഞു. ഡിജിറ്റൽ സർവ്വേ നടത്തുമ്പോൾ ഇതു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന് സർക്കാരും ആഗ്രഹിക്കുകയാണ്. എല്ലാ ശ്രമവും അതിന് നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ തരത്തിലും പരിഹാരം കാണമെന്നാണ് പറയാനുള്ളത്. മത്സ്യത്തൊഴിലാളികളുടെയും അനബന്ധ തൊഴിലാളികളുടെയും ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
മത്സ്യവിൽപ്പന തൊഴിലാളികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സമുദ്ര ബസ് സർവീസ് ആരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് തൊഴിൽസംബന്ധമായ പരിശീലനങ്ങൾക്ക് സംവിധാനമൊരുക്കി. മറൈൻ ആംബുലൻസ് യാഥാർത്ഥ്യമാക്കാനായിട്ടുണ്ട്. തീരദേശ ജനതയുടെ സാക്ഷരത ഉയർത്തുന്നതിന് അക്ഷരസാഗരം പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതാണ്. ഒരു കാര്യമാണ് വ്യക്താമാക്കാനുള്ളത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം അതീവ ഗൗരവത്തോടെ തന്നെയാണ് സർക്കാർ ഇതേവരെ കണ്ടിട്ടുള്ളത്. നമ്മുടെ സംസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാന പരിഗണനകളിൽ ഒന്നായി തന്നെയാണ് ഇത് കാണുന്നത്. ആ പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഏത് തരത്തിലും മത്സ്യതൊഴിലാളികൾക്കൊപ്പം നിൽക്കുക എന്നുള്ളത് തന്നെയാണ് സർക്കാരിൻ്റെ നിലപാട്. ആ കാര്യത്തിൽ ഒരു ആശങ്കയും ആർക്കും ഉണ്ടാകേണ്ടതില്ല.
https://www.facebook.com/Malayalivartha
























