അട്ടപ്പാടി മധു വധക്കേസ്... ജാമ്യം റദ്ദു ചെയ്ത ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്

അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി റദ്ദാക്കി നാലുദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്. കേസില്‍ പ്രതികളായ മരക്കാര്‍, ഷംസുദ്ദീന്‍, അനീഷ്, അബൂബക്കര്‍ എന്ന ബക്കര്‍, സിദ്ദീഖ്, നജീബ്, ജൈജു മോന്‍, അബ്ദുല്‍ കരീം, സജീവ്, ബിജു, മുനീര്‍ എന്നിവരുടെ ജാമ്യമാണ് കഴിഞ്ഞ 20ന് മണ്ണാര്‍ക്കാട് കോടതി റദ്ദാക്കിയത്.
പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളില്‍ കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ എത്തിയ അനീഷ്, സിദ്ദീഖ്, ബിജു എന്നിവരെ റിമാന്‍ഡ് ചെയ്തിരുന്നു.
ശേഷിച്ച പ്രതികള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അഗളി ഡിവൈ.എസ്.പി മുരളീധരന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്യാനുള്ള നടപടി നടക്കുന്നത്. നിര്‍ത്തിവെച്ച സാക്ഷിവിസ്താരം ബുധനാഴ്ച മണ്ണാര്‍ക്കാട് കോടതിയില്‍ പുനരാരംഭിക്കും.
https://www.facebook.com/Malayalivartha























