അത്തം പിറന്നു ....നാടെങ്ങും പൂവിളി..... കോവിഡ് കവര്‍ന്നെടുത്ത രണ്ടുവര്‍ഷത്തെ ഓണക്കാലത്തെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങി മലയാളികള്‍, പൊന്നോണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയത്തിന് ഇന്ന് തുടക്കം

അത്തം തുടങ്ങി, നാടെങ്ങും പൂവിളിയുയര്‍ന്നു. ഇനി പത്താം നാള്‍ തിരുവോണം. കോവിഡ് കവര്‍ന്നെടുത്ത രണ്ടുവര്‍ഷത്തെ ഓണക്കാലത്തെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. സെപ്തംബര്‍ രണ്ടിന് സ്‌കൂള്‍ അടയ്ക്കുന്നതോടെ കുട്ടികള്‍ ഓണാഘോഷ തിമിര്‍പ്പിലാകും.
ഇന്ന് പൊന്നിന്‍ ചിങ്ങമാസത്തിലെ അത്തമാണ് . ഇനി തിരുവോണം വരെയുള്ള പത്തുദിവസം മലയാളിക്ക് ആഘോഷക്കാലം. ലോകത്തെവിടെ മലയാളികളുണ്ടെങ്കിലും ഓണം ആകുമ്പോള്‍ നാടും വീടും തുമ്പപ്പൂവും പൂക്കളവും പായസവും എല്ലാം ഓര്‍മ്മകളിലേക്ക് ഓടിയെത്തും. കഴിഞ്ഞ രണ്ടുവര്‍ഷവും കൊവിഡ് മഹാമാരിയില്‍ ഓണാഘോഷം മിതമായ രീതിയിലായിരുന്നു.
ഇത്തവണ അത്തം പിറന്നതോടെ ഓണ വിപണി വന്‍ ഓഫറുകളുമായി വലിയ ഉണര്‍വിലെത്തിക്കഴിഞ്ഞു.ചിങ്ങത്തിലെ തിരുവോണ നാളില്‍ കേരളം സന്ദര്‍ശിക്കുന്ന മഹാബലിയുടെ ഓര്‍മ്മയ്ക്കായാണ് ഓണാഘോഷം. പൊന്നോണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് .
അത്തം നഗറില്‍ പതാക ഉയരുന്നതോടെ വര്‍ണാഭമായ ഘോഷയാത്രയ്ക്ക് തുടക്കം. ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങള്‍ക്കും തുടക്കമാവും.പ്രളയയും കൊവിഡും മൂലം കഴിഞ്ഞ നാലു വര്‍ഷമായി തൃപ്പുണിത്തുറ അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു നടത്തിയിരുന്നത്.
ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി വി എന്‍ വാസവന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.
തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും. തൃപ്പൂണിത്തുറ സ്‌കൂള്‍ മൈതാനാത്ത് ഉയര്‍ത്തുന്ന പതാക ഒന്‍പതാം നാള്‍ ഉത്രാടത്തിന്റെയന്ന് തൃക്കാക്കര നഗരസഭയ്ക്ക് കൈമാറും.
പണ്ട് കൊച്ചി രാജാവ് അത്തം നാളില്‍ പ്രജകളെ കാണാന്‍ നടത്തിയിരുന്ന യാത്ര ജനകീയമാക്കിയതാണ് തൃപ്പൂണിത്തുറയിലെ ഇപ്പോഴത്തെ അത്തച്ചമയം.
സ്വാതന്ത്യത്തിന് മുമ്പേ തുടങ്ങിയതാണ് ഈ പതിവ്. അന്ന് അത്തം നാളില്‍ കൊച്ചി രാജാവ് പ്രജകളെ കാണാന്‍ തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ നിന്ന് നഗര പ്രദക്ഷിണം നടത്തും. വാദ്യഘോഷങ്ങളുടെയും ആനകളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയുള്ള ഘോഷയാത്രയോടെ നാട്ടില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും.
സ്വാന്തന്ത്ര്യത്തോടെ ഇത് നിലച്ചു. പിന്നീട് സര്‍ക്കാര്‍ ഓണം കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെ ജനകീയ സമതിയുടെ നേതൃത്വത്തില്‍ അത്തച്ചമയ ആഘോഷം പുനരാരംഭിച്ചു. 1985 മുതല്‍ സംഘാടനം തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുത്തു. തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടു നല്‍ക്കുന്ന ഉത്സവത്തിന്റെ കൊടിയേറ്റവും ഇന്ന്.
അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിലും ക്ഷേത്രത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറും.തൃക്കാക്കര ഉത്സവത്തോടനുബന്ധിച്ച് 10 ദിവസം ദശാവതാരച്ചാര്‍ത്തുണ്ട്. അത്തം മുതല്‍ തിരുവോണം വരെ പൂക്കളവും ഇടും. തിരുവോണ നാളില്‍ മഹാബലിയെ എതിരേല്‍ക്കുന്ന ചടങ്ങും ഉണ്ട്.
മഹാബലിയായി വേഷമിടുന്ന ബാലന്‍ ഓലക്കുടയും ചൂടി മുന്നില്‍ നീങ്ങും പിറകെ ആനപ്പുറത്ത് എഴുന്നള്ളത്തും ഉണ്ടാകും. കൊടിയേറ്റം മുതല്‍ ദിവസവും ദശാവതാരച്ചാര്‍ത്തും തിരുവോണ ദിവസം ചതുര്‍വിധ വിഭവങ്ങളോടെ സദ്യയും പതിവുണ്ട്. തൃക്കാക്കരയിലെ തിരുവോണസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.
തൃപ്പുണിത്തുറയിലെ അത്തം നഗറില്‍നിന്നും ഓണപ്പതാക ഇവിടെ കൊണ്ടുവരുന്നതും ഈ ദിവസമാണ്. ഉത്രാടദിവസം തൃക്കാക്കര പഞ്ചായത്ത് അധികൃതര്‍ ഇതു സ്വീകരിച്ച് ക്ഷേത്രത്തില്‍ പൂജിക്കും അതിനുശേഷം ഉത്രാടസദ്യയും ഉണ്ടാവും. കൊവിഡ് ഇല്ലാതാക്കിയ ഒത്തുചേരലുകള്‍ വീണ്ടും സജീവമാവുകയാണ്. കുട്ടികളും പ്രായമായവരും അടക്കം എല്ലാവരും ഓണത്തെ വരവേല്‍ക്കാനുള്ള തിരക്കിലായിക്കഴിഞ്ഞു. പൂക്കളവും സദ്യയും ഓണാഘോഷങ്ങളും ഒരു കുറവുമില്ലാതെ സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണെങ്ങും.
അതേസമയം സംസ്ഥാനതല ഓണാഘോഷം സെപ്തംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജീവനക്കാര്‍ക്ക് ബോണസും പെന്‍ഷന്‍കാര്‍ക്ക് ഉത്സവബത്തയും ഉടന്‍ ലഭിക്കും. ഓണക്കിറ്റുകളുടെ വിതരണം നേരത്തേ തുടങ്ങി.
സപ്ലൈകോ ഓണം ഫെയര്‍ 26ന് ആരംഭിച്ചു. കര്‍ഷക ചന്ത, കണ്‍സ്യൂമര്‍ഫെഡിന്റെ ചന്ത തുടങ്ങിയവ ഒരുക്കം തുടങ്ങി. ഖാദി-കൈത്തറി മേളകളും ആരംഭിച്ചു. വസ്ത്രവിപണിയും പൂവിപണിയും ഉഷാറായി.
കുടുംബശ്രീയും പൂ കൃഷിയിറക്കിയിരുന്നു. കുടുംബശ്രീ ഓണച്ചന്ത ഒന്നിന് ആരംഭിക്കും. . 12ന് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ടവരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ആഘോഷം സമാപിക്കുക. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓണലഹരിയിലേക്ക് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
"https://www.facebook.com/Malayalivartha
























