ബിജെപി ദേശീയ നേതാവിന് നേരെ തെരുവ് നായ ആക്രമണം, കാലിൽ കടിയേറ്റ ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എ ദാമോദരൻ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി...!

കണ്ണൂരില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എ ദാമോദരന് നേരെ തെരുവ് നായ ആക്രമണം. കാലിൽ കടിയേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മുണ്ടയാട് ജേണലിസ്റ്റ് കോളനിയിലാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.
റോഡ് സൈഡില്‍ നിന്ന നായയാണ് തന്നെ കടിച്ചതെന്ന് ദാമോദരന്‍ പറഞ്ഞു. ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവു നായകള്‍ അലഞ്ഞു തിരിയുകയാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശാസ്താംകോട്ടയില്‍ തെരുവ് നായയുടെ കടിയേറ്റ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബം ചികിത്സ തേടി. പത്തനംതിട്ട കോയിപ്രം സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായല്‍ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും.
തടാകത്തിന്റെ കരയില്‍ നില്‍ക്കുമ്പോള്‍ ആദ്യം ഇന്‍സ്‌പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലില്‍ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകന്‍ ആര്യനേയും കടിച്ചു.
നായയെ തള്ളി മാറ്റുന്നതിനിടെ ഇന്‍സ്‌പെക്ടര്‍ സജീഷ്‌കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. രാഖിയുടേയും ആര്യന്റേയും കാലില്‍ ആഴത്തിലുള്ള മുറിവാണുള്ളത്.
https://www.facebook.com/Malayalivartha























