എസ് എന്‍ സി ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും... ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകള്‍ പരിഗണിക്കുക

എസ് എന്‍ സി ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകള്‍ പരിഗണിക്കുന്നത്.
രണ്ടു മണിക്കാണ് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ രാവിലെ ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ച് സാമ്പത്തിക സംവരണ കേസ് പരിഗണിക്കും. ഈ ബഞ്ചിലെ ഇന്നത്തെ വാദം പൂര്‍ത്തിയായാലേ ലാവലിന്‍ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി.
ശക്തമായ തെളിവ് സി ബി ഐ നല്‍കണമെന്നാണ് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യുയു ലളിത് നിര്‍ദ്ദേശം നല്കിയിട്ടുള്ളത്. രണ്ട് കോടതികള്‍ ഒരേ വിധി നല്കിയതിനാല്‍ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണയ്ക്ക് ഉത്തരവിടാനാകൂ എന്ന സന്ദേശമാണ് കോടതി അന്നു നല്കിയത്. 1995 മുതല്‍ 2022വരെ. 27 വര്‍ഷങ്ങള്‍. ഇക്കാലത്ത് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത അഴിമതി ആരോപണം ഏതെന്ന് ചോദിച്ചാല്‍ അത് എസ്എന്‍സി ലാവലിന്‍ കേസാണ്.
ജി.കാര്‍ത്തികേയന്‍,പിണറായി വിജയന്‍,എസ്.ശര്‍മ്മ,കടവൂര്‍ ശിവദാസന്‍,ആര്യാടന്‍ മുഹമ്മദ്, ലാവ്‌ലിന്‍ കരാര്‍ മുതല്‍ പൂര്‍ത്തീകരണം മുതല്‍ അഞ്ച് വൈദ്യുതി മന്ത്രിമാര്‍ ഉണ്ടായിട്ടും പിണറായി വിജയന്‍ മാത്രം എങ്ങനെ പ്രതിയായി.
ലാവലിന്‍ കരാര്‍ എന്നു പറഞ്ഞാല്‍ പള്ളിവാസല്‍ ,ചെങ്കുളം,പന്നിയാര്‍ ജലവൈദ്യുത പദ്ധതികളില്‍ 1995ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എസ്എന്‍സി ലാവ്‌ലിനുമായി ധാരണയായത് 21കോടിയുടെ കണ്‍സള്‍ട്ടന്‍സി കരാറാണ്.
ഒരുവര്‍ഷത്തിനപ്പുറം സര്‍ക്കാര്‍ മാറി. മുഖ്യമന്ത്രി നായനാര്‍.വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ചര്‍ച്ചകള്‍ക്കായി കാനഡയില്‍ പോയി. തിരികെ എത്തുമ്പോഴേക്കും 21കോടിയുടെ കണ്‍സള്‍ട്ടന്‍സി കരാറിന് പുറമെ 149കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാനുളള സപ്ലൈ കരാറും എസ്എന്‍സി ലാവ്‌ലിന്‍ സ്വന്തമാക്കി.
ലാവ്‌ലിന്‍ കേസിന്റെ നാള്‍വഴികളിങ്ങനെ.....
1997 ഫെബ്രുവരി 10 കരാറിന് മന്ത്രിസഭയുടെ പച്ചക്കൊടി. ലാവ്‌ലിന്‍ കമ്പനിയും വൈദ്യുത ബോര്‍ഡും തമ്മില്‍ ധാരണപത്രമായി.ഒപ്പം മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ 98കോടി രൂപയുടെ കനേഡിയന്‍ വാഗ്ദാനവും.ഇവിടം മുതല്‍ പൊരുത്തക്കേടുകള്‍ തുടങ്ങുകയായിരുന്നു
2006 ഫെബ്രുവരി യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകള്‍.കോളിളക്കമുണ്ടാക്കി സിഎജിയുടെ റിപ്പോര്‍ട്ട്.പ്രധാന കണ്ടെത്തലുകള്‍ ഇതായിരുന്നു. കരാറിലെ ചട്ടങ്ങളില്‍ വിഴ്ച സംഭവിച്ചു.അനാവശ്യ തിടുക്കവും ഒത്തുകളിയും നടന്നു. കരാര്‍ കാരണം സംസ്ഥാനത്തിന് 374കോടിയുടെ നഷ്ടം. 98കോടിയുടെ കാന്‍സര്‍ സെന്ററിന് ലഭിച്ചത് 8കോടി98ലക്ഷം രൂപ മാത്രം. ധാരണാപത്രം പുതുക്കാത്തതില്‍ നഷ്ടം 89കോടി.
2006 ഫെബ്രുവരി 28... പിണറായി വിജയനെ ഒഴിവാക്കി കെഎസ്ഇബിയുടെ മൂന്നു മുന്‍ ചെയര്‍മാന്‍മാരെയും,ഉദ്യോഗസ്ഥരെയും എന്‍എന്‍സി ലാവ്‌ലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ടെന്‍ട്രലിനെയും പ്രതിചേര്‍ത്ത് വിജിലന്‍സിന്റെ ആദ്യ കേസ്. 2006 മാര്‍ച്ച് ഒന്ന് ... പിണറായിയെ പ്രതിചേര്‍ക്കാതെ വിജിലന്‍സ് എഫ്‌ഐആറിട്ട് തൊട്ട് പിന്നാലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്. കേസ് സിബിഐക്ക്.
2006 ജൂലൈ 14.... അഴിമതി നടന്നുവെന്ന് സിബിഐയുടെ പ്രാഥമിക റിപ്പോര്‍ട്ട് ആ വര്‍ഷാവസാനം സിബിഐ അന്വേഷണം വേണ്ടെന്ന ഇടത് മന്ത്രിസഭയുടെ തീരുമാനം. എന്നാല്‍ വിഎസ് മന്ത്രിയഭയുടെ നീക്കത്തിന് ആയുസ് ഒരുമാസം മാത്രമായിരുന്നു.2007 ജനുവരി 16ന് കേസ് സിബിഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
2009 ജനുവരി 23.... സിബിഐ അന്വേഷണ റിപ്പോര്‍ട്ട്.പിണറായി വിജയന്‍ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ലാവ്‌ലിന്‍ കമ്പനിയുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തല്‍.മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍ ഒന്നാം പ്രതി,കെഎസ്ഇബി മുന്‍ അക്കൗണ്‍സ് മെബര്‍ കെജി രാജശേഖരന്‍ രണ്ടാം പ്രതി എസ്എന്‍എസി ലാവ്‌ലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ടെന്‍ട്രല്‍ എട്ടാം പ്രതി. പിണറായി വിജയന്‍ ഒന്‍പതാം പ്രതിയായി.
2009 ജൂണ്‍ 11 സിബിഐ കുറ്റപത്രം കോടതിയില്‍.ഒന്‍പതാം പ്രതിയായിരുന്ന പിണറായി വിജയന്‍ ഏഴാം പ്രതിയായി. 2013 നവംബര്‍ അഞ്ച്.... ലാവ്‌ലിന്‍ കേസില്‍ വിചാരണ കോടതി വിധി.പിണറായി വിജയന്‍ അടക്കം മുഴുവന്‍ പ്രതികളും നിരപരാധികള്‍.രണ്ടര വര്‍ഷത്തിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലേക്ക് വരെ വിധി നിര്‍ണ്ണയിച്ച 'വിധി'.
2017 ഓഗസ്റ്റ് 23.... പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു.ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍,കെജി രാജശേഖരന്‍,കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ക്കെതിരായ വിചാരണ തുടരണമെന്നും ഹൈക്കോടതി. അഴിമതി നടന്നുവെന്ന് പറയുകയും എന്നാല്‍ പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്താന്‍ കഴിയാതെ പോയതാണ് തുടര്‍ച്ചയായി സിബിഐക്ക് തിരിച്ചടിയായത്.
ഈ ഹൈക്കോടതി വിധിയും ചോദ്യം ചെയ്ത് സുപ്രീംകോടതിയിലും ഹര്‍ജി എത്തി. 2017 സെപ്റ്റംബറിന് ശേഷം 29 തവണ മാറ്റി വച്ച ഹര്‍ജിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബഞ്ചിന് മുമ്പാകെ എത്തുന്നത്.ഇനി ഹര്‍ജി മാറ്റരുതെന്നും നിര്‍ദ്ദേശിച്ച അന്നത്തെ ജഡ്ജി ജസ്റ്റിസ് യു.യു.ലളിത് ഇന്ന് ചീഫ് ജസ്റ്റിസ് ആകുമ്പോഴാണ് ഹര്‍ജി വരുന്നതെന്നതും ശ്രദ്ധേയമാണ് .
https://www.facebook.com/Malayalivartha






















