നാല് വർഷത്തെ കാത്തിരിപ്പ് നിരാശയായി; കനോലി കായലിൽ മീൻ പിടിത്തം നടത്തി അവ ചന്തയിൽ വിൽപ്പന നടത്തി ജീവിക്കുകയായിരുന്ന മുഹമ്മദിന്റെ ജീവിതം വഴിമുട്ടിയത് 2018 ൽ പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ സ്വന്തം വഞ്ചി വിട്ടുകൊടുത്തതോടെ.... സ്വന്തം വഞ്ചി എന്ന സ്വപ്നം ബാക്കിയാക്കി മുഹമ്മദ് യാത്രയായി

നാല് വർഷത്തെ കാത്തിരിപ്പ് നിരാശ മാത്രമായി മാറി. സ്വന്തം വഞ്ചി എന്ന സ്വപ്നം ബാക്കിയാക്കി മുഹമ്മദ് ഈ ലോകത്തോട് വിടപറഞ്ഞു. മുറ്റിച്ചൂർ പടിയം മുടപ്പുരയ്ക്കൽ വീട്ടിൽ മുഹമ്മദാണ് കഴിഞ്ഞ ദിവസം മരിച്ചത്. കനോലി കായലിൽ മീൻ പിടിത്തം നടത്തി അവ ചന്തയിൽ വിൽപ്പന നടത്തി ജീവിക്കുകയായിരുന്നു അദ്ദേഹം. 2018 ൽ പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ സ്വന്തം വഞ്ചി വിട്ടുകൊടുക്കുകയുണ്ടായി. ഇതിനുപിന്നാലെയാണ് ജീവിതം വഴിമുട്ടിയത്.
എന്നാൽ തിരിച്ച് കിട്ടിയ വഞ്ചി തകർന്നിരുന്നു. പകരം വഞ്ചി ലഭിക്കാൻ നടത്തിയ യാത്രയായിരുന്ന മുഹമ്മദിന്റെ ബാക്കിയുള്ള ജീവിതം മുഴുവനും. നാട്ടുകാരും ഗൾഫിലെ സഹൃദയരും പണം നൽകി സഹായിക്കുകയുണ്ടായി. മുഹമ്മദിന്റെ അവസ്ഥ വായിച്ചറിഞ്ഞ് ടെക്നോപാർക്കിലെ ഗ്രൂപ്പ് ഓഫ് ടെക്നോളജിയുടെ ഭാരവാഹികൾ വഞ്ചി നിർമിക്കാനുള്ള തുക അനുവദിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ മരത്തിന്റെ വഞ്ചിക്ക് പകരമായി ഫൈബർ വഞ്ചി നിർമിക്കാൻ സ്വകാര്യ കമ്പനി മുന്നോട്ടുവന്നു. നിർമാണം കഴിഞ്ഞ വഞ്ചി പുഴയിൽ ഇറക്കിയപ്പോൾ തന്നെ മുങ്ങുന്ന അവസ്ഥയായി. നിർമാണത്തിലെ തകരാറാണ് പ്രശ്നമായി മാറിയത്. തകരാർ ഉടൻ പരിഹരിക്കാമെന്ന് നിർമാണം നടത്തിയവർ ഉറപ്പ് നാല് വർഷമായിട്ടും പാലിക്കപ്പെട്ടിരുന്നില്ല.
അതേസമയം വീട്ടിൽ വയോധികയായ മാതാവും സഹോദരിയും മുഹമ്മദിനെ ആശ്രയിച്ച് കഴിയുന്നുണ്ട്. കരാറുകാരൻ വഞ്ചിച്ചതായി ആരോപിച്ച് മുഹമ്മദ് പൊലീസിൽ പരാതിയും നൽകി. ഇതേതുടർന്ന് മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും കലക്ടർക്കും ടെക്നോപാർക്കിലെ ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും ഫലം കണ്ടിരുന്നില്ല. ഈ കാലയളവിൽ മുഹമ്മദ് കോവിഡ് ബാധിച്ചു അവശനായി ചികിത്സയിലായിരുന്നു.ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha


























