പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയയാള്‍ അറസ്റ്റില്‍....തമിഴ്നാട്ടിലേക്ക് കടന്ന പ്രതി തിരികെ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയയാള്‍ അറസ്റ്റില്‍. കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി തിരികെ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്.
തമിഴ്നാട്ടിലേക്ക് പോയ ഇയാള്‍ ഏര്‍വാടി, ചെന്നൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെ വീട്ടിലേക്ക് എത്തിയപ്പോള്‍ അടുത്തുള്ള ഇരവിപുരം റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു. ഹര്‍ത്താല്‍ ദിവസം രാവിലെ ഏഴര മണിക്കാണ് സംഭവമുണ്ടായത്.
ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ ഇയാള്‍ കടകളടപ്പിക്കുകയും വഴിയാത്രക്കാരെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇത് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിടികൂടാനായി ശ്രമിക്കുമ്പോള്‍ വെട്ടിച്ച് കടക്കുകയും ഇതിനിടെ അവിടേക്ക് ഇരുചക്ര വാഹനത്തില്‍ വന്ന രണ്ട് പോലീസുകാരെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു.
പോലീസുകാരില്‍ ഒരാള്‍ ഇരവിപുരം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. മൂക്കിലെ എല്ല് പൊട്ടിയ ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
എന്നാല്‍ സംഭവത്തിന് ശേഷം താനല്ല അപകടമുണ്ടാക്കിയതെന്നും പോലീസുകാര്‍ തന്റെ വാഹനത്തിലേക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്നും ഇയാള്‍ സിറ്റി പോലീസ് കമ്മീഷണറെ വിളിച്ചറിയിക്കുകയും ഇമെയില്‍ സന്ദേശം അയച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ പോലീസ് തിരയുന്നുവെന്ന് മനസ്സിലാക്കിയ ഷംനാദ് ഒളിവില്‍ പോകുകയാണുണ്ടായത്.
https://www.facebook.com/Malayalivartha

























