ഇനി തരൂരിനെ കിട്ടില്ല... മലയാളിയായ ശശി തരൂരിനെ പിന്തുണയ്‌ക്കേണ്ട കേരള നേതാക്കള്‍ കാലുമാറി; ശശി തരൂര്‍ വലിയ ആളായാലുള്ള ക്ഷീണമോര്‍ത്ത് നേതാക്കള്‍; ചെന്നിത്തല മുതല്‍ മുരളീധരന്‍ വരെ എതിര്‍ക്കുന്നതിന്റെ രഹസ്യം വേറെയല്ല; തുറന്ന് പറഞ്ഞ് തരൂരും

ശശി തരൂര്‍ ഇത്രയേറെ വളര്‍ന്നെന്ന് കേരളത്തിലെ നേതാക്കള്‍ കരുതിയില്ല. ഇനിയെങ്ങാനും ജയിച്ച് സോണിയാ ഗാന്ധിക്ക് മുകളിലെത്തിയാല്‍ തീര്‍ന്നു. ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസമായി. ശശി തരൂരും ഇത് തുറന്ന് പറയുകയാണ്. തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് ശശി തരൂര്‍ പറയുന്നു.
മറ്റൊരാളെ ചവിട്ടി താഴ്ത്തി നേടുന്ന വിജയം വിജയമല്ല. മറ്റൊരാള്‍ക്ക് വിഷം കൊടുത്തോ ചവിട്ടി താഴ്ത്തിയോ വളര്‍ന്ന നേതാവല്ല താനെന്നും തരൂര്‍ ഓര്‍മിപ്പിച്ചു. കെ സി വേണുഗോപാല്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും തരൂര്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോട് വ്യക്തിപരമായി എതിര്‍പ്പില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഖാര്‍ഗെയോട് ബഹുമാനം. അദ്ദേഹവുമായി അടുത്ത ബന്ധമാണുള്ളത്. വ്യക്തിപരമായി അദ്ദേഹത്തിനെതിരെ ഒന്നുമില്ല. എന്നാല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ആവശ്യമെന്താണ്. ഇപ്പോള്‍ തന്നെ അദ്ദേഹം പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്.
അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ഇനി എന്ത് മാറ്റമാണ് കൊണ്ടുവരാന്‍ കഴിയുക. താന്‍ ജനത്തിന്റെ അസ്വസ്ഥത മനസിലാക്കിയാണ് സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകുന്നത്. എന്നാല്‍ എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്നും തരൂര്‍ വിശദീകരിച്ചു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രചാരണത്തിനിറങ്ങുന്നു. ഗുജറാത്തില്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കമിടുന്നത്. രമേശ് ചെന്നിത്തല ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാര്‍ഗെയ്‌ക്കൊപ്പം പ്രചാരണത്തിനെത്തും. അതിനിടെ എഐസിസി തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കെ.സുധാകരന്‍ നിലപാട് തിരുത്തിയതില്‍ സന്തോഷമെന്ന് ശശി തരൂര്‍ പറഞ്ഞു.
തമിഴ്‌നാട് പിസിസി ആസ്ഥാനത്ത് പ്രതിനിധികളെ കാണാനെത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. കേരള പര്യടനം പൂര്‍ത്തിയാക്കിയെങ്കിലും കേരളത്തിലെ രണ്ടാം നിര നേതാക്കളോടും യുവാക്കളോടും വോട്ടഭ്യര്‍ഥന തുടരാനാണ് തരൂരിന്റെ തീരുമാനം. തമിഴ്‌നാട്ടിലെ പിസിസി പ്രതിനിധികളുടെ പിന്തുണ തേടി സത്യമൂര്‍ത്തി ഭവനിലെത്തിയ ശശി തരൂരിനെ സ്വീകരിക്കാന്‍ മൂന്ന് ടിഎന്‍സിസി ഭാരവാഹികള്‍ മാത്രമാണ് എത്തിയത്.
നേതൃതലത്തിലെ പിന്തുണ തനിക്ക് കുറവാണെന്നത് അംഗീകരിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ കിട്ടുന്ന സ്വീകാര്യതയില്‍ സന്തോഷമെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടിയെ അടിമുടി പുനരുജ്ജീവിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. പാര്‍ട്ടിയില്‍ എല്ലാ തലത്തിലും ജനാധിപത്യം വരണം. മണ്ഡലം ഭാരവാഹികളെ മുതല്‍ നിര്‍വാഹക സമിതി അംഗങ്ങളെ വരെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കുന്ന നില വരണം.
തന്റെ സംസ്ഥാനമായ കേരളത്തില്‍ പോലും മണ്ഡലം തല നേതാക്കള്‍ വരെ കാലങ്ങളായി ഭാരവാഹികളായി തുടരുന്ന നിലയുണ്ട്. ഇതെല്ലാം മാറണം. അതേസമയം കേരള നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ചതിലെ നീരസം തരൂര്‍ ആവര്‍ത്തിച്ചു. മനസാക്ഷി വോട്ട് ചെയ്യണമെന്ന കെ.സുധാകരന്റെ പുതിയ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുവ നേതാക്കള്‍ പലരും ശശി തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ അധികവും അങ്ങനെ രംഗത്തെത്തിയിട്ടില്ല. അതിനിടയിലാണ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ സെയ്ഫുദ്ദീന്‍ സോസ് പരസ്യമായി ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. അധ്യക്ഷ പദവിക്ക് തരൂര്‍ യോഗ്യനാണെന്നാണ് സെയ്ഫുദ്ദീന്‍ സോസിന്റെ പക്ഷം.
"
https://www.facebook.com/Malayalivartha


























