ജോമോന്‍ ഒപ്പിച്ച പണി... സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം; ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ

പാലക്കാട്ടെ ബസപകടം അധികാരികളുടെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും ഉണര്‍ന്നിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് നിര്‍ദേശം വന്നിരിക്കുകയാണ്. പാലക്കാട് വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് 9 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങള്‍ വന്നത്.
രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2020 മാര്‍ച്ച് 2 ലെ ഉത്തരവിലൂടെ കൂടുതല്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കണം.
അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതാണ്.
അതേസമയം വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ന് മുതല്‍ വാഹന പരിശോധന ശക്തമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. നിയമ ലംഘനം നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ പ്രത്യേകം കണ്ടെത്താനാണ് നിര്‍ദ്ദേശം. വടക്കഞ്ചേരി അപകടത്തിലെ ഹൈക്കോടതിയുടെ ഇടപടെലിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി
എന്നാല്‍ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമിതവേഗത്തിലോടിയതിന് 1768 ബസ്സുകളെയാണ് മോട്ടോര്‍ വാഹനവകുപ്പ് ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയത്. കരിമ്പട്ടികയില്‍ പെടുത്തിയാലും നിരത്തില്‍ ഓടുന്നതിന് തടസ്സമില്ലാത്തതിനാല്‍ ബസ്സ് ഉടമകള്‍ക്ക് നിയമത്തോട് പുല്ലുവിലയാണ്.
അമിത വേഗത്തിനുള്ള പിഴയായ 1500 രൂപ പോലും അടക്കാതെയാണ് ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുന്നത്. വടക്കഞ്ചേരിയില്‍ അപകടത്തില്‍പെട്ട അസുരന്‍ ബസ് മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖ പ്രകാരം സ്ഥിരം കുറ്റവാളി. ബ്ലാക്ക് ലിസ്റ്റിലാണ് ബസ്. അഞ്ച് നിയമ ലംഘനങ്ങള്‍ക്ക് പിഴ അടക്കാനും ബാക്കി.
മോട്ടോര്‍ വാഹനവകുപ്പിന്റെ പരിവാഹന്‍ സൈറ്റില്‍ തന്നെ ചട്ടലംഘനങ്ങളുടെ ചരിത്രം കാണിക്കുന്നു. മത്സരയോട്ടം കാരണം നിരത്തുകള്‍ കൊലക്കളങ്ങളായതോടെയാണ് 2013ല്‍ ആദ്യം ബ്ലാക്ക് ലിസ്റ്റ് സമ്പ്രദായം സംസ്ഥാന മോട്ടോര്‍ വാഹനനകുപ്പ് കൊണ്ടുവന്നത്. പക്ഷെ ബസുമടകള്‍ കോടതിയില്‍ പോയി നടപടിക്ക് സ്റ്റേ വന്നു.
പിന്നെ 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അമിതവേഗത്തിന് ബ്ലാക്ക് ലിസ്റ്റ് എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തി. നിയമപ്രകാരം ബ്ലാക്ക് ലിസ്റ്റ് മാറാതെ പിന്നെ സര്‍വ്വീസ് നടത്താനാകില്ല. എന്നാല്‍ കേരളത്തില്‍ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍വ്വീസ് വിലക്കരുതെന്ന് കോടതി ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് അപ്പീല്‍ പോയില്ല.
ചുരുക്കത്തില്‍ രേഖയില്‍ ബ്ലാക്ക് ലിസ്റ്റിലായാലും ബസ്സുടമകള്‍ക്ക് ഒരു കുലുക്കവുമില്ല. പിഴ പോലും അടക്കാതെ വീണ്ടും റോഡിലിറങ്ങും.
"
https://www.facebook.com/Malayalivartha


























