ഡ്രൈവിങ് സീറ്റിൽ നിന്ന് എഴുന്നേറ്റ് ചെരിഞ്ഞ് നിന്ന് ബസ് ഓടിക്കും; പാട്ടിനൊപ്പം നൃത്തവും: വിദ്യാർത്ഥികളടക്കമുള്ളവർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ഡ്രൈവറുടെ സാഹസിക വീഡിയോ പുറത്ത്

വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബസും കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒമ്പതുപേർ മരിക്കാനിടയായ സംഭവത്തിൽ അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോജോ പത്രോസ് അപകടകരമാം വിധത്തിൽ നേരത്തേയും ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡ്രൈവിങ് സീറ്റിൽ നിന്ന് എഴുന്നേറ്റ് ചെരിഞ്ഞുനിന്ന് ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാട്ടിനൊപ്പം നൃത്തം വെക്കുന്നതും ദൃശ്യത്തിലുണ്ട്.
വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയിലെത്തിയ ഡ്രൈവര്‍ ജോമോന്‍ ജോജോ പത്രോസ് എന്ന പേരിലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് പോയി. പുലര്‍ച്ചെ മൂന്നരയോടെ പോലീസുകാരാണ് പരിക്കേറ്റയാളെ ഇവിടെ കൊണ്ടുവന്നത്. കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയില്‍ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.
എക്‌സ് റേ എടുത്ത് പരിശോധിച്ചിരുന്നു. പൊട്ടലോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്ത് വന്നവർക്കൊപ്പം കടന്നുകളയുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവറാണെന്ന കാര്യം മറച്ചുവെച്ച് സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയ ജോജോയെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലത്ത് വെച്ച് ചവറ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഊട്ടിയിലേക്ക് വിനോദയാത്ര പോയ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയിൽവെച്ച് അപകടത്തിൽപ്പെട്ടത്. കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസിന്റെ പിന്നിൽ ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു.
https://www.facebook.com/Malayalivartha
























