അസുരന്‍മാരായി കളത്തില്‍... ഏമാന്‍മാര്‍ കണ്ണടച്ചപ്പോള്‍ അസുരന്‍മാര്‍ കൊലക്കളമാക്കി; വടക്കഞ്ചേരിയിലെ ബസ് 3 മാസത്തിനിടെ വേഗ പരിധി ലംഘിച്ചത് 19 തവണ; മിന്നല്‍ പാച്ചിലും ഡാന്‍സുകളിച്ചുള്ള വണ്ടിയോട്ടവും സ്ഥിരം സ്റ്റൈല്‍; ബസ് ഉടമയും അറസ്റ്റില്‍

വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അസുരന്‍ ബസിന്റെ കഥകള്‍ നാടാകെ പടരുകയാണ്. മുമ്പ് ഇതേ ബസില്‍ ടൂറിന് പോയവര്‍ എടുത്ത വീഡിയോയില്‍ നിന്നും കൂടുതല്‍ അസുര സ്വഭാവം പുറത്താകുകയാണ്.
അസുരന്‍ ബസിന്റെ മുതലാളിയും തൊഴിലാളിയും ഒപ്പം തന്നെ. ഇതോടെ അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുണ്‍ അറസ്റ്റിലായി. പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍പ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. വേഗത കൂടിയെന്ന അലര്‍ട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുണ്‍ അവഗണിച്ചു.
പ്രതി ജോജോ പത്രോസിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതും കുറ്റമായി ചുമത്തി. അമിത വേഗത തടയാന്‍ അരുണ്‍ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കില്‍ വന്‍ ദുരന്തം ഒഴിവാകുമായിരുന്നെന്നും അതിനാലാണ് പ്രേരണാകുറ്റം ചുമത്തിയതെന്നും പൊലീസ് വിശദീകരിച്ചു. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട് എസ് പി ആര്‍ വിശ്വനാഥ് അറിയിച്ചു.
അതേസമയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്തെ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി. അപകടത്തേത്തുടര്‍ന്ന് മുങ്ങുകയും പിന്നീട് കൊല്ലത്തു പിടിയിലാകുകയും ചെയ്ത ഡ്രൈവര്‍ എറണാകുളം ഇലഞ്ഞി അന്ത്യാല്‍ പൂക്കോട്ടില്‍ ജോജോ പത്രോസിനെ (ജോമോന്‍-48) സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബസ് അമിതവേഗത്തിലാണെന്നു ജി.പി.എസ്. സംവിധാനം രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതികരിക്കാതിരുന്നതിനാണ് ഉടമയായ കോട്ടയം, പാമ്പാടി തെക്കേമറ്റം അരുണി(30)നെ പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി.
ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റാരോപണവും ഉടമയ്ക്കെതിരേയുണ്ട്. ഡ്രൈവര്‍ ജോമോന്‍ മൂന്നുമാസത്തിനിടെ 19 തവണ വേഗപരിധി ലംഘിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി ദേശീയപാതയിലുണ്ടായ അപകടത്തില്‍, ഊട്ടിയിലേക്കു വിനോദയാത്ര പോയ എറണാകുളം, മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും കെ.എസ്.ആര്‍.ടി.സി. യാത്രക്കാരായ മൂന്നുപേരുമാണു മരിച്ചത്.
കൈക്കു നിസാരപരുക്കേറ്റ ജോമോന്‍ ഡ്രൈവറാണെന്ന കാര്യം മറച്ചുവച്ച് അപകടസ്ഥലത്തുനിന്നു കടന്നു. സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയശേഷം മുങ്ങിയ ഇയാളെ കൊല്ലം ചവറയില്‍നിന്നാണു പിടികൂടിയത്. അതേസമയം ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന പരാതിയും പരിശോധിക്കുമെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി: ആര്‍. അശോകന്‍ പറഞ്ഞു. ജോമോന്റെ വൈദ്യപരിശോധനാഫലം ഉള്‍പ്പെടെ ലഭിച്ചശഷമാകും കൂടുതല്‍ നടപടി.
അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരില്‍നിന്നും അപകടസമയത്ത് അഞ്ചുമൂര്‍ത്തിമംഗലം വഴി കടന്നുപോയ കാര്‍ ഡ്രൈവറില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും.
അതേസമയം വടക്കഞ്ചേരി അപകടത്തില്‍ അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ മുമ്പ് നൃത്തം ചെയ്ത് വണ്ടിയോടിക്കുന്ന വീഡിയോ പുറത്തായി ഡ്രൈവിങ് സീറ്റില്‍നിന്ന് എഴുന്നേറ്റ്, ഒരുകൈകൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുകയും ചുവടുവയ്ക്കുകയും ചെയ്യുന്ന വീഡിയോയാണു ദൃശ്യ-സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
"
https://www.facebook.com/Malayalivartha























