ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളന ഉദ്ഘാടനം നാളെ; നോർവേ സന്ദർശനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലെത്തും :- കൂടിക്കാഴ്ച നടത്താൻ എത്തുന്നത്, യൂറോപ്പിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട അതിഥികൾ

നോർവേ സന്ദർശനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. മന്ത്രി പി. രാജീവാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. മന്ത്രി വീണാ ജോർജും വി. ശിവൻകുട്ടിയും കഴിഞ്ഞ ദിവസം യു.കെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് ചേർന്ന മൂന്നാം ലോക കേരള സഭയുടെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികളെപ്പറ്റിയാവും യൂറോപ്പ് മേഖലാ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.
മൂന്ന് ദിവസത്തെ നോര്‍വേ സന്ദര്‍ശനത്തിനിടെ വിവിധ മേഖലകളിലെ വിദഗ്ധരുമായി സംഘം കൂടിക്കാഴ്ച നടത്തി. മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സംഘമത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. ഞായര്‍ മുതല്‍ ബുധന്‍ വരെയാണ് യുകെ സന്ദർശനം. ഒാസ്‍ലോയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിത്. മുഖ്യമന്ത്രിയും കുടുംബവും ഉദ്യോഗസ്ഥരും പങ്കെടുത്തു.
നോര്‍വീജിന്‍ ഫിഷറീസ് മന്ത്രി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയായിരുന്നു നോര്‍വേയിലെ മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി. മല്‍സ്യബന്ധന, അക്വാകള്‍ച്ചറല്‍ മേഖലകളിലെ സഹകരണം ഇരുവരും ചര്‍ച്ച ചെയ്തു. നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ശ്രദ്ധേയമായി. പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും തീരശോഷണം തടയുന്നതിനും വയനാട് തുരങ്കപ്പാത നിര്‍മിക്കുന്നതിനും കേരളവുമായി സഹകരിക്കാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു. വിവിധ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും നടന്നു.
ബിസിനസ് മീറ്റില്‍ കേരളത്തില്‍ നിക്ഷേപ താല്‍പര്യങ്ങളുള്ള നോര്‍വീജിയന്‍ കമ്പനികളുടെ ഇന്ത്യന്‍ ചുമതലക്കാരുടെ സംഗമം ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നോവേഷന്‍ നോര്‍വ്വേ, നോര്‍വ്വേ ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, നോര്‍വ്വീജിയന്‍ ബിസിനസ് അസോസിയേഷന്‍ ഇന്ത്യ, എന്നീ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ നോര്‍വ്വീജിയന്‍ എംബസിയും ചേര്‍ന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികളായിരുന്നു പങ്കെടുത്തത്. ഹൈഡ്രജന്‍ പ്രോയുടെ സിഇഒ എറിക് ബോള്‍സ്റ്റാഡ്, മാലിന്യം വെന്‍ഡിംഗ് മെഷ്യനുകളിലൂടെ സംഭരിച്ച് സംസ്‌കരിക്കുന്ന പ്രശസ്ത കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡന്റ് ജേക്കബ് റോഹന്‍ ഹോഗ്, മാലിന്യ സംസ്‌കരണത്തിലെ ആഗോള സ്ഥാപനമായ കാമ്പിയുടെ സിഇഒ എറിക് ഫാഡ്‌സ്, എം ടി ആര്‍ കമ്പനിയുടെ സിഇഒ സഞ്ജയ് ശര്‍മ്മ എന്നിവരായിരുന്നു അവരവരുടെ സാധ്യതകളെ സംബന്ധിച്ച പ്രസന്റേഷനുകള്‍ അവതരിപ്പിച്ചത്. ഹൈഡ്രജന്‍ ഇന്ധനം, ഭക്ഷ്യ സംസ്‌കരണം, മത്സ്യമേഖല, ഷിപ്പിംഗ്, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ നോര്‍വ്വീജിയന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചു.
ഈ മേഖലകളിലെ കേരളത്തിന്റെ സാധ്യതകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. പുതിയ കരട് വ്യവസായ നയം സംരംഭകര്‍ സ്വാഗതം ചെയ്തു. കൊച്ചി കപ്പല്‍ നിര്‍മാണശാല അസ്കോ മരിടൈമിനായി നിര്‍മിച്ച തെരേസ എന്ന ബാര്‍ജും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു.
അതേ സമയം നോര്‍വെയിലെ മലയാളി അസോസിയേഷന്‍ 'നന്മ' നടത്തിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി രണ്ടാം ക്ലാസുകാരിയെത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി. കേരളത്തില്‍ വന്ന സമയത്ത് മിഠായി കവര്‍ ഇടാന്‍ ഒരു വേസ്റ്റ് ബിന്‍ നോക്കിയിട്ട് കണ്ടില്ലെന്നും അടുത്ത വരവിന് അതില്‍ മാറ്റമുണ്ടാകുമോ എന്നും ആയിരുന്നു ചോദ്യം. കേരളത്തിലെ മാലിന്യ അവബോധം ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി വിജയൻ ഇതിന് മറുപടി നൽകിയത്. കാലങ്ങള്‍ക്ക് മുന്‍പ് രണ്ട് അക്കാദമിഷ്യന്മാര്‍ സിംഗപ്പൂരില്‍ ടിക്കറ്റ് റോഡില്‍ വലിച്ചെറിയുകയും ഇത് കണ്ട് അവിടെ നിന്ന വിദ്യാര്‍ത്ഥികള്‍ അമ്പരന്നു പോയെന്നും ഉടനെ തെറ്റ് മനസിലാക്കിയ അവര്‍ ടിക്കറ്റ് പെറുക്കി വേസ്‌ററ് ബിന്നിലിട്ടെന്നുമാണ് കഥ. ഇതാണ് മാലിന്യ അവബോധം. ഈ അവബോധം മലയാളികള്‍ക്ക് വേണ്ടത്രയില്ല. കേരളത്തിലെ മാലിന്യ പ്രശ്‌നം പ്രധാന പ്രശ്‌നം ആണെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിക്ക് നിറഞ്ഞ കയ്യടി ആയിരുന്നു.സമ്മേളനത്തില്‍ ഏറെ നേരം മുഖ്യമന്ത്രി മലയാളികളുമായി സംവദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇതാദ്യമായാണ് നോര്‍വെയില്‍ വച്ച് മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച ആണ് യൂറോപ്പിലേക്ക് പുറപ്പെട്ടത്. ചൊവ്വ പുലർച്ചെ 3.45ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിലേക്ക് പുറപ്പെട്ടത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യം ഇട്ടായിരുന്നു യൂറോപ്പ് സന്ദർശനം. നോർവേക്ക് പുറമേ മുൻനിശ്ചയിച്ച പ്രകാരമാണ് ഇംഗ്ലണ്ടും വെയിൽസും അദ്ദേഹം സന്ദർശിക്കുന്നത്. ഒക്ടോബർ ഒന്നിനാണ് നേരത്തെ യാത്ര നിശ്ചയിച്ചിരുന്നത്. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്ന് യാത്ര മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha























