സ്വകാര്യ ബസില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി വീണ് പരിക്കേറ്റ സംഭവം... അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

സ്വകാര്യ ബസില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി വീണ് പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ചിങ്ങവനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചിപ്പി ബസിന്റെ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബസും പൊലീസ് പിടിച്ചെടുത്തു. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തെറിച്ചുവീണത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. പാക്കില്‍ സി.എം.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമിനാണ് ബസില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ രണ്ടു പല്ലുകള്‍ ഇളകുകയും മേല്‍ചുണ്ടിന് മുറിവേല്‍ക്കുകയും ചെയ്തു.
സ്‌കൂള്‍ വിട്ട് വരുന്നതിനിടെയാണ് അപകടം നടന്നത്. ബസ് അമിത വേഗതയിലായിരുണെന്നും ബസിന്റെ ഡോര്‍ അടച്ചിരുന്നില്ലെന്നും വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു. കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















