ഉച്ചയ്ക്ക് കിട്ടിയത് 'ജപ്തി നോട്ടീസ്' വൈകിട്ട് 70 ലക്ഷത്തിന്റെ ഭാഗ്യം... മണിക്കൂറുകൾക്കിടെ മീൻകച്ചവടക്കാരൻ ലക്ഷപ്രഭുവായി

ബാങ്കിൽ നിന്നെത്തിയ ജപ്തി നോട്ടീസുമായി നെഞ്ചുരുകി നിൽകുമ്പോൾ, പൂക്കുഞ്ഞിയെ ഭാഗ്യദേവത കടാക്ഷിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്. സിനിമയെ പോലും വെല്ലുന്ന ട്വിസ്റ്റ് നടന്നത് മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിന്റെ ജീവിതത്തിലാണ്. ഇപ്പോഴും ആ ഞെട്ടൽ പൂക്കുഞ്ഞിയെ വിട്ടൊഴിഞ്ഞിട്ടില്ല. ബൈക്കിൽ മീൻ വിറ്റ് കുടുംബം പോറ്റി വരികയായിരുന്നു പൂക്കുഞ്ഞ്. ബുധാനാഴ്ച മീൻ വിറ്റ് വരുമ്പോഴാണ് മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ചെറിയതട്ടിൽ ലോട്ടറി വിൽപ്പന നടത്തുന്ന ഗോപാലപ്പിള്ളയുടെ കൈയിൽ നിന്ന് ഒരു ലോട്ടറിയെടുത്തത്.
തിരിച്ച് പണിയെല്ലാം കഴിഞ്ഞ് രണ്ട് മണിയോടെ വീട്ടിലെത്തി. അപ്പോഴാണ് കോർപ്പറേഷൻ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ് കൈയ്യിൽ കിട്ടിയത്. വീട് വയ്ക്കുന്നതിനായി എട്ട് വർഷം മുൻപായിരുന്നു 7.45 ലക്ഷം രൂപ പൂക്കുഞ്ഞ് വായ്പ എടുത്തത്. വായ്പടയടക്കം കുടിശ്ശികയായി ഒൻപത് ലക്ഷത്തിലെത്തി. പലിശയടക്കം ഏകദേശം 12 ലക്ഷത്തോളം തുകയായിരുന്നു ബാങ്കിൽ അടക്കാനുണ്ടായിരുന്നത്. ബാധ്യത എങ്ങനെ തീർക്കുമെന്ന് അറിയാതെ, കിടപ്പാടം പോകുമെന്ന നെഞ്ചുപൊട്ടുന്ന വേദനയിൽ നിൽക്കുമ്പോഴാണ് മൂന്ന് മണിയോടെ ലോട്ടറി അടിച്ച വിവരം പൂക്കുഞ്ഞ് അറിഞ്ഞത്.
അക്ഷയ ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമായിരുന്നു പൂക്കുഞ്ഞിന് ലഭിച്ചത്. എ ഇസഡ് 907042 എന്ന നമ്പറിനാണ് ഭാഗ്യം കൈവന്നത്. സഹോദരനായിരുന്നു ലോട്ടറി അടിച്ച വിവരം പൂക്കുഞ്ഞിനെ വിളിച്ച് അറിയിച്ചത്. എന്തായാലും വിവരം കേട്ടപ്പോൾ വിശ്വസിക്കാൻ പോലും പൂക്കുഞ്ഞിന് സാധിച്ചില്ല. പിന്നീട് സന്തോഷത്തിന്റെ നിമിഷങ്ങളായികുന്നു പൂക്കുഞ്ഞിന്റെ ജീവിതത്തിൽ.
പിതാവ് പതിവായി ലോട്ടറി എടുക്കുമായിരുന്നെങ്കിലും സാധാരണ ലോട്ടറിയെടുക്കുന്ന പതിവ് പൂക്കുഞ്ഞിന് ഇല്ല. ദുരിതകയറ്റിൽ നിന്നും കരകയറാൻ ആയതിന്റെ ആശ്വാസത്തിലാണ് പൂക്കുഞ്ഞും കുടുംബവും. ഭാര്യ മുംതാസും മക്കളായ മുനീറും മുഹ്സിനയും ഉൾപ്പെടുന്നതാണു പൂക്കുഞ്ഞിന്റെ കുടുംബം.
https://www.facebook.com/Malayalivartha























