കുട്ടികളെ വച്ച് ദുർമന്ത്രവാദം... കുട്ടി ബോധം കെട്ടു! വാസന്തി മഠം അടിച്ച് തകർത്ത് നാട്ടുകാർ... ദുർമന്ത്രവാദിനി പോലീസ് കസ്റ്റഡിയിൽ

ആഭിചാര കൊലയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സ്ത്രീ അറസ്റ്റിൽ. വാസന്തി അമ്മ മഠത്തിന്റെ ഉടമ ശോഭനയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.
കുട്ടികളെ ഉപയോഗിച്ചാണ് മന്ത്രവാദം നടത്തിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ കേന്ദ്രത്തിൽ വർഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ എതിര്‍ക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുന്‍പില്‍ പൂവ് ഇടുകയും ചെയ്യുകയാണ്.
നാൽപ്പത്തിയൊന്നാം ദിവസം മരിച്ചു പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഒളിവിൽ പോയി. മുൻ ഭർത്താവും സഹായിയുമാണ് മുങ്ങിയത്. ബിജെപിയുൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പ്രദേശത്ത് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് പോലീസെത്തി മന്ത്രവാദിനിയെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയും. ഗുണ്ടകളേയും ഇവർ ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. സ്ഥാപനം അടച്ചു പൂട്ടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മന്ത്രവാദത്തിനെതിരെ യുവജന സംഘടനകൾ പ്രതിഷേധിച്ചിരുന്നു. മന്ത്രവാദ കേന്ദ്രം പ്രതിഷേധക്കാർ അടിച്ചു തകർത്തതായി റിപ്പോർട്ടുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഇകുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങൾ. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ചു വരികയാണ്.
പ്രാദേശികവും അല്ലാതെയും ഇവിടേക്ക് കുട്ടികളെ കൊണ്ടുവന്നിരുന്നു. പ്രചരിക്കുന്ന പഴയ ദൃശ്യങ്ങളിൽ മന്ത്രവാദ പൂജ നടത്തുന്നതിനിടെ ഒരു കുട്ടി തളർന്നു വീഴുന്നതും കാണാം. കുട്ടികളുമായി ബന്ധപ്പെട്ട പൂജകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആദ്യം ലഭിച്ചിരുന്ന പ്രാദേശിക പിന്തുണ ഇപ്പോൾ ഇവർക്ക് ലഭിക്കുന്നില്ല. ഇവർക്കെതിരെ വൻജനവികാരമാണ് ഉയരുന്നത്.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. ഇത്തരം പ്രവണതകൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണം. പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























