പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കൈക്കൂലി ട്രാപ്പ് കേസില്‍ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു

പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കൈക്കൂലി ട്രാപ്പ് കേസില്‍ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു.
പട്ടത്തെ ലീഗല്‍ മെട്രോളജി ഓഫീസിലെ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ബി.എസ്.അജിത് കുമാറിനെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 14 ദിവസത്തേക്ക് ജഡ്ജി ജി.ഗോപകുമാര്‍ റിമാന്റ് ചെയ്തത്.
നവംബര്‍ 1 നാണ് വിജിലന്‍സ് കെണിയൊരുക്കി ഡെപ്യൂട്ടി കണ്‍ട്രോളറെ പിടികൂടിയത്. ഇയാളില്‍ നിന്ന് കൈക്കൂലിപ്പണമായ 8,000 രൂപയും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
പമ്പുകളില്‍ കൃത്യമായ അളവില്‍ പെട്രോള്‍ വിതരണം നടത്തുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ ഓരോ മൂന്ന് മാസത്തിലും പെട്രോള്‍ പമ്പിലെ നോസിലുകള്‍ പരിശോധിച്ച് സീല്‍ ചെയ്യണം. ആക്കുളത്തെ നാഗരാജ് ആന്‍ഡ് സണ്‍സ് ഫ്യൂവല്‍ സ്റ്റേഷന്‍ ഉടമയായ സ്വരൂപ് പമ്പിലെ ആറ് നോസിലുകളും പരിശോധിച്ച് സീല്‍ ചെയ്യാന്‍ പട്ടത്തെ ലീഗല്‍ മെട്രോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പമ്പ് ഉടമയായ സ്വരൂപിനോട് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അജിത് കുമാര്‍ പമ്പില്‍ വന്ന് നോസില്‍ പരിശോധിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന്' ആവശ്യപ്പെട്ടു.
സ്വരൂപ് ഇക്കാര്യം തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പൊടി വിതറിയ 8,000 രൂപയുമായി കെണിയൊരുക്കി കാത്തിരിക്കവേ 1 ന് വൈകിട്ട് മൂന്ന് മണിയോടെ അജിത് കുമാര്‍ മൂന്ന് ഉദ്യോഗസ്ഥരുമായി ആക്കുളത്തെ പമ്പിലെത്തി ആറ് പെട്രോള്‍ നോസിലുകള്‍ സീല്‍ ചെയ്തു.
കൂടെ വന്ന ഉദ്യോഗസ്ഥരെ മാറ്റി നിറുത്തിയ ശേഷം സ്വരൂപിനോട് 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇപ്പോള്‍ 8,000 രൂപ മാത്രമേ ഉള്ളൂവെന്നും ബാക്കി പിന്നെ തരാമെന്നും സ്വരൂപ് പറഞ്ഞതനുസരിച്ച് ആദ്യ ഗഡുവായി സ്വരൂപിന്റെ പക്കല്‍ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങിയ വേളയില്‍ വിജിലന്‍സ് ബി.എസ്.അജിത്ത് കുമാറിനെ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha
























