വെല്ലുവിളിച്ചു പണി വാങ്ങി കണ്ടക്ടർ; അൻപതോളം സഹപാഠികൾ ഒന്നിച്ചെത്തി പരാതി നൽകി; കേസെടുത്തു പോലീസ്

നെടുങ്കണ്ടം - കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ആൽബിനാണ് ഇന്നലെ വെല്ലുവിളിച്ചു പണി വാങ്ങിയത്. ബസ്സിൽ കയറിയ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനു ശേഷം വേണേൽ പരാതി എഴുതി നൽകൂ എന്ന് വെല്ലുവിളിച്ചു. തുടർന്ന് വിദ്യാർഥിനി അൻപതോളം സഹപാഠികളുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എംഇഎസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയത്.
ബസിൽ വച്ച് വിദ്യാർഥിനിയെ അപമാനിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണു പരാതി. ഇതേ കണ്ടക്ടർ കഴിഞ്ഞ ഓണക്കാലത്ത് വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നു വിദ്യാർഥികൾ പറയുന്നു. വിദ്യാർഥിനി ചോദ്യം ചെയ്തതോടെ ബഹളമായി. ഇതോടെ കണ്ടക്ടർ ക്ഷമ പറഞ്ഞു. ഇന്നലെ ബസിൽ നിന്ന് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ വീണ്ടും ഇതേ കണ്ടക്ടർ അസഭ്യവർഷം നടത്തിയെന്നാണു പരാതി.കോളജിലെ വിദ്യാർഥികളും കണ്ടക്ടർക്കെതിരെ രംഗത്തെത്തി.
തർക്കമുണ്ടായതോടെ ‘പരാതിയുണ്ടെങ്കിൽ ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് വന്ന് ഒരു വെള്ള പേപ്പറിൽ പരാതി എഴുതി നൽകൂ’ എന്നായി കണ്ടക്ടറുടെ പ്രതികരണം. ഇതോടെ വിദ്യാർഥിനിയും 50 സഹപാഠികളും ചേർന്ന് പരാതി എഴുതി നെടുങ്കണ്ടം എസ്എച്ച്ഒ: ബി.എസ്.ബിനുവിനു കൈമാറുകയായിരുന്നു. പരാതിയിൽകേസെടുത്തെന്നും നടപടി സ്വീകരിക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു.
https://www.facebook.com/Malayalivartha

























