എം.സി റോഡിൽ കൂത്താട്ടുകുളത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്ത ടിപ്പർ ലോറിയ്ക്കു പിന്നിൽ കാറിടിച്ചു; തിരുവല്ല സ്വദേശികളായ ദമ്പതികൾക്കും കുട്ടിക്കും പരിക്ക്

എം.സി റോഡിൽ കൂത്താട്ടുകുളത്തിനു സമീപം റോഡരികിൽ പാർക്ക് ചെയ്ത ടിപ്പർ ലോറിയ്ക്കു പിന്നിൽ കാറിടിച്ച് തിരുവല്ല സ്വദേശികളായ ദമ്പതികൾക്കു പരിക്ക്. തിരുവല്ല സ്വദേശി ഷോൺ സാജൻ ഫിലിപ്പിനും ഭാര്യയ്ക്കും കുട്ടിയ്ക്കുമാണ് പരിക്ക്. കുറവിലങ്ങാട് ദേവമാതാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പരിക്കേറ്റവരെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിലേയ്ക്കു മാറ്റി.
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ എം.സി റോഡിൽ കൂത്താട്ടുകുളത്തിന് സമീപം ചോരക്കുഴിയിലായിരുന്നു അപകടം. കൂത്താട്ടുകുളത്തു നിന്നും തിരുവല്ലയ്ക്കു പോകുകയായിരുന്നു കുടുംബം സഞ്ചരിച്ച കാർ. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ പാർക്ക് ചെയ്ത ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട വിവരം അറിഞ്ഞ് കോട്ടയം ഹൈവേ പെട്രോളിംങ് സംഘവും സ്ഥലത്ത് എത്തി. തുടർന്നു അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിരികിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്നു എം.സി റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി.
https://www.facebook.com/Malayalivartha



























