പൊലീസ് കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നത് ആരോ തെറ്റിദ്ധരിപ്പിച്ചിട്ടാണ്; കേരളാ പൊലീസിലെ രാഷ്ട്രീയവൽക്കരണത്തിനും സംസ്ഥാനത്ത് വർധിച്ചു വരുന്ന പൊലീസ് അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കേരളാ പൊലീസിലെ രാഷ്ട്രീയവൽക്കരണത്തിനും സംസ്ഥാനത്ത് വർധിച്ചു വരുന്ന പൊലീസ് അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷം. പൊലീസിനെതിരായ ആരോപണങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെടുകയുണ്ടായി. മുൻ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിരിക്കുന്നത്.
അതോടൊപ്പം തന്നെ പൊലീസ് കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നത് ആരോ തെറ്റിദ്ധരിപ്പിച്ചിട്ടാണെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാണിച്ചു. കേരളം ഭീതിജനകമായ സാഹചര്യത്തിലാണ്. മുഖ്യമന്ത്രിയുടെ മറുപടി ദൗർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂർ, പൊലീസിന്‍റെ അതിക്രമങ്ങൾ തെളിയിക്കാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
കൂടാതെ സജി ജോസഫിന്‍റെ ചോദ്യങ്ങൾക്ക് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളെ കുറിച്ച് മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു. 18 വയസിന് താഴെയുള്ള കുട്ടികൾക്കെതിരായ കേസുകൾ- 22,297, പെൺകുട്ടികൾ ഉൾപ്പെടെ സ്ത്രീകൾ-82,267, ട്രാൻസ്ജെൻഡർ-64, വയോജനങ്ങൾ (60 വയസിന് മുകളിൽ) -2759, സ്ത്രീപീഡന കേസുകൾ-19,273 എന്നിങ്ങനെയാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. ഇത്രയും കേസുകൾ ഉള്ളപ്പോൾ തന്നെ സംസ്ഥാനത്തിന് അവാർഡ് നൽകിയവർക്ക് താൻ മറ്റൊരു അവാർഡ് നൽകാമെന്ന് തിരുവഞ്ചൂർ പരിഹസിക്കുകയും ചെയ്തു.
അതേസമയം തൃക്കാക്കര പീഡന കേസിലെ പ്രതിയായ സി.ഐ സുനോ ആറ് പീഡന കേസുകളിൽ പ്രതിയാണ്. 15 തവണ വകുപ്പുതല അന്വേഷണത്തിന് വിധേയനായിട്ടുമുണ്ട്. ഈ സി.ഐയെ വീണ്ടും കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിയമിച്ചിട്ടുണ്ടെന്നും അക്കാര്യം മുഖ്യമന്ത്രി പരിശോധിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha



























