പൊലീസ് അനാവശ്യ നിയന്ത്രണങ്ങൾ ഉണ്ടാക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ്; ആന ഇറങ്ങുന്ന കാനനപാതകളിൽ പോലും തീർത്ഥാടകരെ പൊലീസ് തടഞ്ഞിടുന്നു, ശബരിമല അവലോകന യോഗത്തിൽ പരസ്പരം കൊമ്പുകോർത്ത് സർക്കാർ വകുപ്പുകൾ

ശബരിമല അവലോകന യോഗത്തിൽ പരസ്പരം ചേരിതിരിഞ്ഞ് കൊമ്പുകോർത്ത് സർക്കാർ വകുപ്പുകൾ. പമ്പയിൽ നടന്ന അവലോകനയോഗത്തിൽ വകുപ്പുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയതായി റിപ്പോർട്ട്. പൊലീസ് അനാവശ്യ നിയന്ത്രണങ്ങൾ ഉണ്ടാക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് യോഗത്തിൽ വ്യക്തമാക്കി.
ആന ഇറങ്ങുന്ന കാനനപാതകളിൽ പോലും തീർത്ഥാടകരെ പൊലീസ് തടഞ്ഞിടുന്നതായി ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിൽ ഇത്തവണ ഡ്യൂട്ടിക്ക് കൊണ്ടുവന്നത് പരിചയമില്ലാത്ത പൊലീസുകാരെയാണ്. ഉദ്യോഗസ്ഥരും വകുപ്പുകളും തമ്മിൽ ഏകോപനം ഇല്ല എന്നും ദേവസ്വം ബോർഡ് കുറ്റപ്പെടുത്തുകയുണ്ടായി.
ഇതോടെ തന്നെ ദേവസ്വം ബോർഡിനെ രൂക്ഷമായ വിമർശനം പൊലീസും യോഗത്തിലുയർത്തി. പതിനെട്ടാം പടിയുടെ നിയന്ത്രണം ദേവസ്വം ബോർഡ് വേണമെങ്കിൽ ഏറ്റെടുത്തു കൊള്ളാൻ എഡിജിപി എം.ആർ.അജിത് കുമാർ വ്യക്തമാക്കുകയായിരുന്നു.
അതേസമയം കെഎസ്ആർടിസി കാലപ്പഴക്കംചെന്ന ബസുകൾ ആണ് ഓടിക്കുന്നതെന്ന് ദേവസ്വം മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. തീർത്ഥാടകരെ കുത്തിനിറച്ചു കൊണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ബസുകളിൽ തീർത്ഥാടകരെ കുത്തിനിറച്ചു കൊണ്ട് പോകുന്നില്ല എന്ന് കെഎസ്ആർടിസി മറുപടി നൽകുകയുണ്ടായി. പാർക്കിംഗ് ഗ്രൗണ്ടിൽ കരാറുകാർ മതിയായ ജീവനക്കാരെ നിയമിക്കുന്നില്ല എന്ന് പത്തനംതിട്ട ജില്ലാ കളക്ടറും വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























