സ്ത്രീവിരുദ്ധ പരാമര്‍ശവും... തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ തണുത്ത പ്രതിഷേധം വീണ്ടും; മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി; ഡി.ആര്‍ അനിലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിയമനടപടി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിലെ സമരം നിയമസഭ പിരിഞ്ഞതോടെ കഴിഞ്ഞു എന്നാണ് കരുതിയത്. എന്നാല്‍ വീണ്ടും സമരം കത്തിപ്പടരുകയാണ്. ഇന്നലെയതിന്റെ സാമ്പിള്‍ വെടിക്കെട്ടായിരുന്നു. മേയര്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി വ്യക്തമാക്കി. കൗണ്‍സില്‍ ഹാളില്‍ ഉപവാസമിരുന്ന കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
ഡി.ആര്‍ അനിലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലെ പ്രതിഷേധത്തിന് പിന്നാലെ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഉപവാസമിരുന്ന ബിജെപി കൗണ്‍സിലര്‍മാരെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാത്രിയില്‍ അറസ്റ്റ് പറ്റില്ലെന്ന് ബിജെപി നിലപാട് അറിയിച്ചതോടെ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയതോടെ അറസ്റ്റ് ചെയ്ത കൗണ്‍സിലര്‍മാരെ വിട്ടയച്ചു. സി.പി.എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്ന് ആരോപിച്ച ബിജെപി ഇന്ന് മുതല്‍ സമരം ശക്തമാക്കുമെന്ന് അറിയിച്ചു. അതേസമയം ഡിആര്‍ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലും പ്രതിഷേധം തുടരാനാണ് ബിജെപി തീരുമാനം. അനിലിനെതിരെ നിയമപരമായി മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ട്.
കത്ത് വിവാദത്തില്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഇന്നലെയുണ്ടായത്. മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബി ജെ പി വനിതാ കൗണ്‍സിലര്‍മാര്‍ മേയറുടെ വഴി തടഞ്ഞു.
നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജിക്കായി കോര്‍പറേഷന്‍ ആസ്ഥാനത്തിനു പുറത്ത് ശക്തമായ സമരം തുടരുന്നതിനിടെ കൂടിയ കൗണ്‍സില്‍ യോഗം കയ്യാങ്കളിയിലെത്തി. 9 ബിജെപി വനിതാ കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മരാമത്തു സ്ഥിരസമിതി ചെയര്‍മാന്‍ ഡി.ആര്‍.അനില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ലോഞ്ചില്‍ സമരം നടത്തി. രാത്രിയിലും തുടര്‍ന്ന സമരത്തിനൊടുവില്‍ 11 മണിയോടെ കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
നേരത്തെ, മെഡിക്കല്‍ കോളജ് വാര്‍ഡിലെ അനിലിന്റെ ഓഫിസിലേക്ക് രാത്രി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അനില്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ആക്കുളം കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ എസ്. സുരേഷ് കുമാര്‍ മ്യൂസിയം പൊലീസില്‍ പരാതിയും നല്‍കി. സസ്‌പെന്‍ഷനു പിന്നാലെ കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഡി.ആര്‍.അനിലിന്റെ വിവാദ പരാമര്‍ശം.
കാശു കിട്ടാനാണെങ്കില്‍ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്, അതിന് ഈ ബുക്കില്‍ ഒപ്പിടണോ... എന്നു വനിതാ കൗണ്‍സിലര്‍മാരെ ലക്ഷ്യംവച്ചു പറഞ്ഞതാണ് വിവാദമായത്. അനിലിനെതിരെ ബിജെപി മ്യൂസിയം പൊലീസില്‍ പരാതിയും നല്‍കി.
മേയര്‍ ഇരിപ്പിടത്തില്‍ എത്തുന്നതു തടയാന്‍ നടത്തിയ സമരമാണ് അസഭ്യം വിളിയും സംഘര്‍ഷവുമായി കയ്യാങ്കളിയിലെത്തിയത്. യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ഉയര്‍ത്തിയ മേയര്‍ ഗോ ബാക്ക് ബാനര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതാണ് തുടക്കത്തില്‍ പ്രകോപനങ്ങള്‍ക്കു കാരണം. ബാനര്‍ കീറാനുള്ള അനിലിന്റെ ശ്രമം ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ തടഞ്ഞു. അതുവരെ നടുത്തളത്തില്‍ സമരം നടത്തിയിരുന്ന കൗണ്‍സിലര്‍മാര്‍ ബാനറുമായി ഡയസിലേക്കു ചാടിക്കയറി. ഒച്ചപ്പാടിനിടെ അര മണിക്കൂര്‍ വൈകി ആരംഭിച്ച യോഗം അര മണിക്കൂറിനുള്ളില്‍ പിരിയുകയും ചെയ്തു.
രണ്ടരയ്ക്കാണ് യോഗം വച്ചിരുന്നത്. ഏറെ മുന്‍പ് തന്നെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയര്‍ ചേംബറിലേക്ക് വരുന്ന വഴിയിലും ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ മേയറുടെ ഡയസിലും തടസ്സം സൃഷ്ടിച്ചു. അറസ്റ്റ് നീക്കം യുഡിഎഫ് കൗണ്‍സിലര്‍മാരും പൊലീസും തമ്മിലുള്ള ഉന്തിലും തള്ളിലുമെത്തി. ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ കസേരയ്ക്കു ചുറ്റും കിടന്നതോടെ മേയര്‍ക്കും സെക്രട്ടറിക്കും വേദിയിലേക്കു കടക്കാനായില്ല.
വനിതാ പൊലീസും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ചേര്‍ന്ന് ഏറെ പണിപ്പെട്ട് ഇരുവരെയും വേദിയില്‍ എത്തിച്ചെങ്കിലും ബാനറുകളും ബോര്‍ഡുകളുമായി അവിടെ പ്രതിഷേധം തുടര്‍ന്നു. തന്റെ കാഴ്ച മറച്ച് ബാനര്‍ പിടിച്ചവരെയാണ് മേയര്‍ സസ്പെന്‍ഡ് ചെയ്തത്. ഡി.ആര്‍. അനിലിന്റെ നേതൃത്വത്തില്‍ ബാനറുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചത് യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ എത്തിച്ചു.
"
https://www.facebook.com/Malayalivartha

























