ആദ്യമൊരു ക്രിസ്മസ് തൊപ്പി വെച്ചുകൊടുത്തു. പിന്നെയൊരു ചുമന്ന റോസാപ്പൂ... ഒടുവിൽ മധുരമൂറുന്നൊരു കേക്കിൻ കഷ്ണം വായിൽ വെച്ചുകൊടുത്തു...’ഇതാരാ ക്രിസ്മസ് അപ്പൂപ്പനാണോ..?’ ഉടൻ വന്നു മറുപടി, ’അല്ലാട്ടോ ഇത് ഗവർണറപ്പൂപ്പനാണ്...’

എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്നുള്ള ക്രിസ്മസ് ആഘോഷം. സെന്റർ ഫോർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് 30 കുട്ടികളും അവരുടെ അമ്മമാരും ക്രിസ്മസ് ആഘോഷിക്കാൻ ശനിയാഴ്ച വൈകീട്ട് എത്തിയത്.
ഓരോ കുട്ടിയുടെയും അരികിലെത്തി ഗവർണർ ക്രിസ്മസ് തൊപ്പി തലയിൽ ധരിപ്പിച്ചു. പിന്നെ കുട്ടികൾക്കും അമ്മമാർക്കും റോസാപ്പൂ നൽകി. പിന്നെ ഓരോരുത്തരോടും ’ഹാപ്പി ക്രിസ്മസ്’ പറഞ്ഞു ഗവർണറപ്പൂപ്പൻ... അത്യാവശ്യം സംസാരിക്കാനറിയാവുന്നവർ ഗവർണറോടു തിരിച്ചും പറഞ്ഞു ’ഹാപ്പി ക്രിസ്മസ്...’
പനങ്ങാട്ടെ റാണി മോൾ ക്രിസ്മസ് ആശംസിച്ചതിന് പിന്നാലെ ഗവർണറോട് പ്രയാസപ്പെട്ട് പറഞ്ഞു; ’റിമോട്ടുള്ള വീൽചെയർ വേണം...’ ഗവർണർ പറഞ്ഞു ’ഒ.ക്കെ....’ കുമ്പളങ്ങിയിൽ നിന്നുള്ള കാശിനാഥൻ സോഫയിൽ കിടക്കുകയായിരുന്നു. അവനോടൊപ്പം അൽപനേരം ഗവർണർ ഇരുന്ന് തലയിൽ തടവി. പിന്നെ അലോഷിക്കും സാന്ദ്രയ്ക്കുമൊപ്പം കേക്ക് മുറിച്ചു...സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്‌മെന്റ് ചെയർപേഴ്‌സൺ ഡോ. പി.എ. മേരി അനിതയും ഒപ്പം ചേർന്നു.
’ഇവർക്കൊപ്പമുള്ള ഈ നിമഷങ്ങൾ- വാക്കുകളിലൊതുങ്ങില്ല, ഒരേസമയം സന്തോഷം തരുമ്പോഴും ഈ കുട്ടികളെ കാണുമ്പോൾ തോന്നുന്നത് ഇവർക്ക് ഇനിയും നമ്മുടെ ശ്രദ്ധ വേണം. ഇവരെയൊക്കെ പരിപാലിക്കുന്ന സന്നദ്ധ സംഘടനകളെ നമിക്കുന്നു..’ ഗവർണർ പറഞ്ഞു.അതേസമയം രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ ഓണാഘോഷത്തിന് സര്‍ക്കാര്‍ തന്നെ ക്ഷണിക്കാതിരുന്നതില്‍ വിഷമമുണ്ട്. രാജ്ഭവനില്‍ എന്തു പരിപാടിയുണ്ടെങ്കിലും താന്‍ എല്ലാവരേയും ക്ഷണിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വ്യക്തിപരമായ അജണ്ടകളില്ലാത്തതിനാല്‍ തന്റെ വാതിലുകള്‍ എല്ലായ്പോഴും തുറന്നിട്ടിരിക്കുകയാണ്. നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി നിയമവിരുദ്ധമായി സര്‍വകലാശാലകളെ ഉപയോഗിക്കുന്നവര്‍ക്ക് തന്റെ നിലപാടില്‍ നിരാശ തോന്നുന്നതില്‍ ഒന്നുംചെയ്യാനില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഗവര്‍ണര്‍ പ്രതികരിച്ചു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബില്‍ കാണാതെ അഭിപ്രായം പറയാനാകില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് ഗവര്‍ണര്‍ പ്രതികരിച്ചു. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ കോടതി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























