ജയിൽ ക്ഷേമ ദിനാഘോഷങ്ങൾ മാനസിക പരിവർത്തനങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

ജയിൽ ക്ഷേമ ദിനാഘോഷങ്ങൾ മാനസിക പരിവർത്തനങ്ങൾക്ക് കാരണമാകുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജയിലുകളിലുള്ള ബഹുഭൂരിപക്ഷം വരുന്ന യുവജനങ്ങൾ ലഹരിയുപയോഗവുമായി ബന്ധപ്പെട്ട കേസുകളിലാണ് എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ജീവിതത്തിലൊരിക്കലും ജയിലറയിൽ തിരിച്ചു വരില്ലെന്നുള്ള ഉറച്ച തീരുമാനം ഓരോരുത്തരും കൈകൊള്ളേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ജയിലിലെ അന്തേവാസികളുടെ കലാ കായിക വാസനകളെ പരിപോഷിപ്പിച്ചു കൊണ്ട് അവരുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതോടൊപ്പം തെറ്റുതിരുത്തൽ മനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പ് വർഷംതോറും ജയിൽ ക്ഷേമ ദിനാഘോഷം നടത്തിവരുന്നത്.
അഞ്ചു ദിവസങ്ങളിലായി നടന്ന പരിപാടിയോടനുബന്ധിച്ച് അന്തേവാസികളുടെ കലാ കായിക മത്സരങ്ങളും വിവിധ കലാപരിപാടികളും നടന്നു. സമാപന സമ്മേളനത്തിനോടനുബന്ധിച്ച് ജയിൽ മ്യൂസിക് ബാന്റിന്റെ ഗാനമേളയും പേരാമ്പ്ര കൊഴക്കോടൻ സ്മാരക കലാവേദിയുടെ ഹാസ്യപരിപാടിയും അരങ്ങേറി.
ഉത്തരമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് സാം തങ്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് ജഡ്ജും ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എം പി ഷൈജൽ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് എം എം ഹാരിസ്, ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ ടി രാജേഷ് കുമാർ, കെ ജെ ഇ ഒ എ സംസ്ഥാന കമ്മിറ്റി അംഗം എ അഷ്റഫ്, കെ ജെ എസ് ഒ എ സംസ്ഥാന കമ്മിറ്റി അംഗം കെ പി മണി എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിച്ചു. കോഴിക്കോട് സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് എം ബി യൂനുസ് സ്വാഗതവും വെൽഫെയർ ഓഫീസർ കെ.കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha























