ആറന്മുള മാതൃക പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; പോലീസുകാരന് സസ്‌പെൻഷൻ; പ്രതി ഒളിവിൽ

ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗ്രേഡ് എസ്.ഐ.യെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡുചെയ്തു. ഗ്രേഡ് എസ്.ഐ. സജീഫ് ഖാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാതൃകാ പോലീസ് സ്റ്റേഷനിലെ അടുക്കളയിൽ വച്ചാണ് സജീഫ് ഖാൻ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ചത്. പത്തനംതിട്ട പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്ന, പത്തനാപുരം സ്വദേശിയായ ഇയാള്‍ സംഭവത്തെത്തുടര്‍ന്ന് ഒളിവിലാണ്. അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് തുടർന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനാണ് സസ്‌പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. പോലീസ് സ്റ്റേഷന്‍ വൃത്തിയാക്കിയശേഷം ചായ ഇട്ടുകൊണ്ടിരുന്ന ജീവനക്കാരിയെ സജീഫ് ഖാന്‍ കടന്നുപിടിച്ചെന്നാണ് പരാതി. യുവതി ഒച്ചവെച്ചതിനെത്തുടര്‍ന്ന് മറ്റ് പോലീസുകാര്‍ എത്തി. സജീഫ് ഖാന്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. യുവതി ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ലെന്ന് ആറന്മുള എസ്.എച്ച്.ഒ. സി.കെ. മനോജ് പറഞ്ഞു. എന്നാല്‍, പരാതി സ്വീകരിക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.ഇത് ആറന്മുള മാതൃക പോലീസ് സ്റ്റേഷന് നാണക്കേടായിട്ടുണ്ട്.
സംഭവം രഹസ്യന്വേഷണ വിഭാഗം വഴി അറിഞ്ഞ പത്തനംതിട്ട ഡിവൈ എസ് പി നന്ദകുമാർ യുവതിയെ കൗണ്‍സിലിങ്ങിന് അയച്ചു. ഇവിടെയാണ് യുവതി നടന്ന സംഭവങ്ങള്‍ പറഞ്ഞത്. പിന്നീട്
അതിക്രമംനേരിട്ട യുവതി , ശനിയാഴ്ച രാവിലെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയായിരുന്നെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ എ.ആര്‍. ലീലാമ്മ പറഞ്ഞു. യുവതിയുടെ മൊഴി പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തി.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി, സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവൈ.എസ്.പി.മാരെ നിയോഗിച്ചത്. പത്തനംതിട്ട നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി കെ എ വിദ്യാധരന്‍, പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാര്‍ എന്നിവരാണ് പരാതിയിൽ അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രിയാണ് സസ്‌പെൻഡ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് റിപ്പോര്‍ട്ട് ലഭിച്ചതോടെ രാത്രി തന്നെ സജീഫ് ഖാനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് ഇറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















