ഉമ്മൻ ചാണ്ടിയോട് പിണറായി കാലുപിടിച്ച് മാപ്പിരക്കണം... സോളാർ നായികയെ പൂട്ടി... സർക്കാരിന് വൻ തിരിച്ചടി... വീണ്ടും ഇണ്ടാസുമായി സോളാർ കേസിലെ പരാതിക്കാരി

യുഡിഎഫിൻറെ തുടർഭരണം ഇല്ലാതാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച സോളാർ വിവാദത്തെ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം കൃത്യമായി ഉപയോഗിച്ചു. ഇതോടെ കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് പ്രതിപക്ഷത്ത് തുടർന്നു. പക്ഷേ ഇപ്പോൾ സത്യം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീൻ ചിറ്റ് നൽകി.
പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. സോളർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐ ക്ലീൻചിറ്റ് നൽകിയത് സർക്കാരിനു കനത്ത തിരിച്ചടി തന്നെയാണ്. പരാതിക്കാരിയുടെ മൊഴികളിൽ വൈരുധ്യമെന്നും സിബിഐ വ്യക്തമാക്കി. ഇതോടെ ഇടതു സർക്കാർ കൈമാറിയ എല്ലാ കേസിലേയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.
ഇടതുപക്ഷം സോളാർ പീഡനക്കേസ് വലിയ രാഷ്‌ട്രീയ ബോംബാക്കുകയും ചെയ്‌തിരുന്നു. പല തിരഞ്ഞെടുപ്പുകളിലും എതിരാളികൾ ആയുധമാക്കിയെങ്കിലും ഇതിലൊന്നും ഉമ്മൻചാണ്ടി എന്ന രാഷ്‌ട്രീയക്കാരൻ തളർന്നില്ല. സത്യം വിജയിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചുപറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ആത്മവിശ്വാസം പോലെത്തന്നെ സിബിഐ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണിപ്പോൾ. ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിൽ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കാണിച്ചാണ് തിരുവനന്തപുരം സി ജെ എം കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നുമുള്ള നിലപാട് വ്യക്തമാക്കിയ പരാതിക്കാരിക്ക് ഇപ്പോൾ മനംമാറ്റം സംഭവിച്ചിരിക്കുകയാണ്. രാവിലെ നിയമ നടപടിക്കില്ലെന്ന് പറഞ്ഞ പരാതിക്കാരി ഉച്ചയ്ക്ക് ശേഷം, ഉമ്മൻ ചാണ്ടിക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് വ്യക്തമാക്കി രംഗത്തെത്തി.
ഇതുമായി ബന്ധപ്പെട്ട 6 കേസിലും ഹർജി നൽകുമെന്നും നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ ആണ് തീരുമാനം എന്നും പരാതിക്കാരി വ്യക്തമാക്കി. അബ്ദുള്ളകുട്ടിയെ വെള്ള പൂശാൻ ആണ് ബാക്കി ഉള്ളവർക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയതെന്നും പരാതിക്കാരി കുറ്റപ്പെടുത്തി. സിബിഐയുടെ ക്ലീൻചിറ്റ് സംസ്ഥാന സർക്കാരിനുള്ള കനത്ത തിരിച്ചടിയാണെന്നാണു വിലയിരുത്തൽ.
ക്ലീൻ ചിറ്റ് ഉമ്മൻചാണ്ടിയ്ക്കും കോൺഗ്രസിനും ആശ്വാസമാണ് എന്നതിനപ്പുറം, എൽഡിഎഫിന് കിട്ടിയ കനത്ത പ്രഹരം കൂടിയാണിത്. പല ചോദ്യങ്ങൾക്കും ഇടതുപക്ഷം മറുപടി നൽകേണ്ടിവരികയും ചെയ്യും. ഉമ്മൻ ചാണ്ടി പരാതിക്കാരിയെ ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.
എന്നാൽ ഇതിൽ വസ്തുകളില്ലെന്നാണ് സിബിഐ കണ്ടെത്തിയത്. ഈ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നെന്നും സിബിഐ കണ്ടെത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു പരാതി. എന്നാൽ ഈ ആരോപണത്തിലും തെളിവുകളില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. സംസ്‌ഥാന രാഷ്‌ട്രീയത്തെ ഇളക്കിമറിച്ച് ഉമ്മൻ ചാണ്ടിക്കെതിരേ ഉയർന്ന പരാതിയിൽ നൂറോളം പേരിൽനിന്നു മൊഴിയെടുത്ത്, ശാസ്ത്രീയ പരിശോധനകളിലൂടെയായിരുന്നു അന്വേഷണം. പരാതിക്കാരി ഹാജരാക്കിയ സാരിയും പരിശോധനയ്‌ക്കു വിധേയമാക്കി.
കുറ്റാരോപണവിധേയരായ കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, മുൻ മന്ത്രി എ.പി. അനിൽകുമാർ എന്നിവർക്കെതിരേ തെളിവില്ലെന്നു കാട്ടി സി.ബി.ഐ. നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ആണ് പരാതിയിൽ ആദ്യം കേസെടുത്തത്. പിന്നീട് സർക്കാർ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
തെളിവില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾ അവഗണിച്ചാണു കേസ് സിബിഐയ്ക്കു കൈമാറിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപുള്ള തീരുമാനം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന ആരോപണം അന്നുതന്നെ ബലപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിയ്ക്ക് ക്ലീൻ ചിറ്റ് കിട്ടിയതോടെ സത്യം ഒരുപാട് കാലം മൂടിവയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തു പോകുന്നവരോട് സി പി എം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. സത്യസന്ധമായ അന്വേഷണമാണു സിബിഐ നടത്തിയതെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അഭിപ്രായപ്പെട്ടു. കേസ് സി ബി ഐ ഏറ്റെടുത്തതുകൊണ്ടാണ് സത്യം പുറത്തുവന്നത്. ഉർവശീ ശാപം ഉപകാരമായി. നിരപരാധികളെ നിരപരാധികളായിത്തന്നെ കാണാൻ സി ബി ഐയ്ക്ക് സാധിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.
കേസ് സിപിഎമ്മിൻറെ ഗൂഢാലോചനയെന്ന് എ.കെ.ആൻറണി പറഞ്ഞു. സിപിഎമ്മിനോട് കാലം കണക്കു ചോദിക്കുകയാണെന്നും ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളോട് മുഖ്യമന്ത്രി പൊതുമാപ്പ് പറയണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ആളുകളെ അപമാനിക്കുന്നതിനായി സി പി എം നടത്തുന്ന ഇത്തരത്തിലെ അവസാന ശ്രമമായിരിക്കണം സോളാർ കേസ്. കേരള രാഷ്ട്രീയത്തിൽ ഇത്തരം വേട്ടയാടലുകൾ ഇനി ഉണ്ടാകാൻ പാടില്ല. പരാതിക്കാരി ആവശ്യപ്പെട്ടതുകൊണ്ടാണ് സി ബി ഐ അന്വേഷണത്തിന് വിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാലിപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മറ്റൊരു പരാതിക്കാരി എത്തിയപ്പോൾ എന്തുകൊണ്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടില്ല? എന്നും വി.ഡി.സതീശൻ ആരാഞ്ഞു.
കേസിൽ കാര്യമായതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും കോൺഗ്രസിനെ നിരന്തരം വേട്ടയാടുന്നതിനായിരുന്നു സിപിഎം കൃത്യമായ ഇടവേളകളിൽ സോളാർ കേസിനെ ഉപയോഗപ്പെടുത്തിയത്. ഇതോടെ ഒമ്പത് വർഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങൾക്കും അവസാനമാവുകയാണ്.
സോളാർ വൈദ്യുതീകരണത്തിന്റെ പേരിൽ ടീം സോളാർ കമ്പനി, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം ചെയ്‌തു പണം തട്ടിയെന്ന ആരോപണം രാഷ്‌ട്രീയ കേരളത്തെ പിടിച്ചുലച്ചിരുന്നു. 2013 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉയർന്നു വന്ന ആരോപണം ഇടതുമുന്നണി ഏറ്റുപിടിച്ചതോടെ കമ്പനിയുടെ പ്രതിനിധിയും പിന്നീടു പരാതിക്കാരിയുമായി മാറിയ അതിജീവിത, കമ്പനി സി.ഇ.ഒ. ബിജു രാധാകൃഷ്‌ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു.
മുഖ്യമന്ത്രിയുടെ പഴ്‌സണൽ സറ്റാഫ് അംഗങ്ങളായ ജിക്കുമോൻ, പി.എ.ജോപ്പൻ, ഗൺമാൻ സലിംരാജ് എന്നിവരുടെ ഫോണുകളിലേക്കു പരാതിക്കാരിയുടെ ഫോൺ വിളി എത്തിയെന്ന വിവരം പുറത്തുവന്നത് ആരോപണം വൻ വിവാദമാക്കി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരും പിന്നീട് ഉയർന്നു വന്നു.
പ്രതിപക്ഷ ബഹളത്തെുടർന്നു ജസ്‌റ്റിസ് ശിവരാജനെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ചു. ഉമ്മൻ ചാണ്ടിയെ രണ്ടു വട്ടമായി 50 മണിക്കൂറിലേറെ വിസ്‌തരിച്ചു കമ്മിഷൻ ചരിത്രം സൃഷ്‌ടിച്ചു. കഴിഞ്ഞ ഇടതു മന്ത്രിസഭയുടെ കാലത്തു ജുഡീഷ്യൽ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണ റിപ്പോർട്ട് കൈമാറി. തുടർന്നാണ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചത്.
https://www.facebook.com/Malayalivartha






















