തലസ്ഥാനത്തടക്കം 56 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; തുടങ്ങിയത് പുലർച്ചെ രണ്ടു മണി മുതൽ; പരിശോധന അർദ്ധസൈനിക വിഭാഗത്തിന്റെ സഹായത്തോടെ; കേരള പോലീസ് ഒന്നും അറിഞ്ഞിട്ടില്ല; ഇതര വിഭാഗങ്ങളുടെ സംരംഭങ്ങളെ പൂട്ടിക്കുന്നതടക്കം എല്ലാം കണ്ടെത്താനുറച്ചു എൻഐഎ

വീണ്ടും കേരളത്തിലുടനീളം എൻഐഎയുടെ വ്യാപക റെയ്ഡ്. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുൻ ഭാരവാഹികളുടെ വീടുകളിലാണ് പരിശോധന. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ - 12 കേന്ദ്രങ്ങളിൽ. തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്. പള്ളിക്കൽ. അർധസൈനിക വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്. കേരളത്തിലെ മിക്ക ജില്ലകളിലും റെയ്ഡ് നടക്കുന്നുണ്ട്.
ആദ്യം നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ടിന്റെ ഒന്നാം നിര നേതാക്കളുടെ വീട്ടിലായിരുന്നു റെയ്ഡ്. ഇത്തവണ രണ്ടാം നിര നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഇതിൽ സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. പി.എഫ്.ഐ പ്രവർത്തകൻ തോന്നയ്ക്കൽ നവാസിന്റെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്. . പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിലും, സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിൽ പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി തമർ അഷ്‌റഫിന്റെ വീട്ടിലാണ് റെയ്ഡ്.
അൽ ഖ്വെയ്ദ അടക്കമുള്ള വിവിധ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി പോപ്പുലർ ഫ്രണ്ട് നേതാക്കൾ ബന്ധം സ്ഥാപിക്കുന്നതായി ഈയിടെ എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് അംഗങ്ങൽ ഒരു രഹസ്യ വിഭാഗം തന്നെ പ്രവർത്തിപ്പിച്ചു വരുന്നതായും ഇതിന്റെ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും എൻഐഎ പറഞ്ഞിരുന്നു. ഒരു റെയ്ഡിൽ എൻഐഎ പിടിച്ചെടുത്ത ചില ഉപകരണങ്ങൾ സ്‌കാൻ ചെയ്തതിൽ നിന്നാണ് അൽ ഖ്വെയ്ദയുമായിയുള്ള എൻഐഎ നേതാക്കളുടെ ബന്ധവും ചില രഹസ്യപ്രവർത്തനങ്ങളും നടത്തുന്നതായും കണ്ടുപിടിച്ചത്.
പോപ്പലർ ഫ്രണ്ടിന്റെ പ്രവർത്തനം താഴെ തട്ടിൽ സജീവമാണെന്നാണ് എൻഐഎ കരുതുന്നത്. ഇത് കണക്കിലെടുത്താണ് റെയ്ഡുകൾ. ക്രിമിനൽ കേസ് പ്രതികളുടെ വീട്ടിലും ഇത്തവണ റെയ്ഡ് നടക്കുന്നുണ്ട്. ഐബിയുടെ സഹായത്തോടെ പട്ടിക തയ്യാറാക്കിയാണ് റെയ്ഡ്.
ദേശീയ തലത്തിൽ നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് ശൃംഖലകൾ മുഴുവൻ എൻഐഎ തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻ.ഐ.എ. പോപ്പുലർ ഫ്രണ്ടിന്റേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇതിൽ തുടർനടപടികൾ സ്വീകരിച്ചു. ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെയ്ഡുകൾ. പതിവ് പോലെ കേരള പോലീസ് ഒന്നും അറിഞ്ഞിട്ടില്ല.
പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് പൂർണ്ണമായും അടയ്ക്കുകയെന്നതാണ് ലക്ഷ്യം. പി.എഫ്.ഐ. അനുഭാവികൾക്കു നാട്ടിൽ ബിസിനസ് ചെയ്യാൻ പണം നൽകി വരുമാനത്തിന്റെ ഒരു വിഹിതം സംഘടന ഈടാക്കും. പലരും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ചെറിയ തുക വായ്പയെടുത്തശേഷം കള്ളപ്പണവും കൈവായ്പയും ഉപയോഗിച്ചാണു ബിസിനസ് നടത്തി ലാഭമുണ്ടാക്കുന്നത്. ഇതിനായി വിദേശത്തുനിന്ന് എൻ.ആർ.ഐ. അക്കൗണ്ടുള്ള അംഗങ്ങൾ നാട്ടിലെ വിവിധ ബാങ്കുകളിലേക്കു പണം അയയ്ക്കും. ഈ പണം പിന്നീടു പി.എഫ്.ഐ. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്യും. നേതാക്കൾ വഴി അനുഭാവികളിലേക്കു പണമെത്തുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലും ഈ പണം വൻതോതിൽ വിനിയോഗിക്കപ്പെടുന്നുണ്ട്.
ഇതര വിഭാഗങ്ങളുടെ സംരംഭങ്ങളെ സംഘടിതമായി പൂട്ടിച്ചു തങ്ങളുടെ അനുഭാവികളെ സഹായിക്കുന്നതായും വിവരമുണ്ട്. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പാർട്ടി നോക്കാതെ തങ്ങളുടെ താൽപര്യക്കാരെ പിന്തുണയ്ക്കുന്ന രീതിയുമുണ്ട്. ചെറുകിട ബിസിനസ് നടത്താൻ പണം നൽകി അതിന്റെ ഒരു വിഹിതം ഈടാക്കിയും സംഘടന ഫണ്ട് സ്വരൂപിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപവത്കരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നുണ്ട്. കുവൈത്ത് ഇന്ത്യ സോഷ്യൽ ഫോറം എന്ന പേരിൽ കുവൈത്തിൽ പി.എഫ്.ഐ. സജീവമായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ഈ ഫോറത്തിലെ അംഗങ്ങളിൽനിന്നു വാർഷിക അംഗത്വ ഫീസ് ഈടാക്കിയതും കണ്ടെത്തി.
ഒമാനിൽ രണ്ടു ഫൗണ്ടേഷനുകളുടെ നേർക്കാണ് അന്വേഷണം നീളുന്നത്. ഇവിടെ ഫൗണ്ടേഷനുകൾ വഴി സ്വരൂപിച്ച ഫണ്ട് രാജ്യത്ത് എത്തിച്ചു. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ്, ലൈസൻസുള്ള പബ് ഇവയുടെ നടത്തിപ്പു വഴിയും പണം സ്വരൂപിച്ചു രാജ്യത്തെ അക്കൗണ്ടുകളിലേക്ക് അയച്ചു. നാട്ടിലെ മുസ്ലീങ്ങൾക്കുള്ള സഹായം എന്ന പേരിൽ പണം ശേഖരിച്ചു പി.എഫ്.ഐ., എസ്.ഡി.പി.ഐ. നേതാക്കൾക്ക് അയച്ചതിന്റെ തെളിവുകളും ലഭിച്ചു. സിറിയയിൽ മുഹമ്മദ് ഫാഹിമി എന്ന അംഗം, തീവ്രവാദ സംഘടനകൾക്ക് ഉപയോഗിച്ച കാറുകൾ മറിച്ചുവിറ്റു വലിയ തുകകൾ ശേഖരിച്ച് ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha






















