വേദികളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്.... വിരുന്നെത്തുന്ന സംസ്ഥാന സ്‌കൂള്‍കലോത്സവത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയില്‍

വേദികളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്.... വിരുന്നെത്തുന്ന സംസ്ഥാന സ്‌കൂള്‍കലോത്സവത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയില്‍
എട്ടാംതവണയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള കോഴിക്കോട്ടെത്തുന്നത്. 2015-ലായിരുന്നു അവസാനം. അന്നത്തേതിനെക്കാള്‍ മനോഹരമാക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
239 ഇനങ്ങളിലായാണ് മത്സരം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഇനം. എച്ച്.എസ്.എസ്. വിഭാഗത്തില്‍ 105, സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയില്‍ 19 വീതം ഇനങ്ങള്‍. 14,000 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തും.
ജനുവരി മൂന്നിന് രാവിലെ 8.30-ന് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തും. 10-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
അതേസമയം ഉദ്ഘാടനസമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടമത്സരം തുടങ്ങും. ആദ്യദിവസം 23 വേദികളിലാണ് മത്സരം. ഉദ്ഘാടനദിവസം എല്ലാവേദികളിലും രാവിലെ 11-നാണ് തുടങ്ങുന്നതെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒമ്പതിനുതന്നെ തുടങ്ങും.
ജനുവരി ഏഴിന് വൈകുന്നേരം നാലുമണിക്ക് സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനംചെയ്യും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗല്ഭരായ വ്യക്തികളെയാണ് വിധിനിര്‍ണയത്തിന് കണ്ടെത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. തര്‍ക്കമുണ്ടായാല്‍ അന്തിമതീരുമാനമെടുക്കാന്‍ അപ്പീല്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
അതേസമയം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കലോത്സവത്തിനെത്തുന്ന കുട്ടികളെ സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കും. സ്വീകരിച്ച് വേദികളിലും താമസസ്ഥലത്തേക്കും ഭക്ഷണപ്പന്തലിലും എത്തിക്കുന്നതിന് കലോത്സവവണ്ടി എന്ന പേരില്‍ 30 വാഹനങ്ങളോടും.
താമസിക്കാനായി 20 സ്‌കൂളുകള്‍ സജ്ജമാക്കി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 10 വീതം. ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ അഞ്ചെണ്ണംകൂടി കരുതിയിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ ദിവസം 17,000 പേരെയാണ് പ്രതീക്ഷിക്കുന്നത്.
പോലീസുമായി ചേര്‍ന്ന് ജില്ലയിലെ 11 സ്‌കൂളുകളിലെ എന്‍.സി.സി., എസ്.പി.സി., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്‍.സി. കുട്ടികളുടെ സേവനം എല്ലാവേദികളിലും സജ്ജമാക്കും. മുഖ്യവേദിയിലെ വാഹനപാര്‍ക്കിങ്ങിനായി ഗവ. പോളിടെക്നിക് കോളേജില്‍ ക്രമീകരണങ്ങളൊരുക്കി.
മത്സരവേദികളിലെയും നഗരത്തിലെയും ക്രമസമാധാനപാലനത്തിനും ഗതാഗതക്രമീകരണത്തിനുമായി സിറ്റി പോലീസ് കമ്മിഷണുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha






















