മായാത്ത ഓര്‍മ്മകള്‍ കണ്‍മുമ്പില്‍... ലോക ഇതിഹാസ താരം പെലെ വിടപറയുമ്പോള്‍ മായാത്ത ഓര്‍മകളുമായി ഫുട്‌ബോള്‍ ലോകം; മനസില്‍ കരുതുന്ന ലക്ഷ്യത്തിലേക്ക് പന്ത് പായിക്കാനും സഹതാരത്തിന് മറിച്ചുകൊടുക്കാനും പെലെയുടെ സൂക്ഷ്മമായ കഴിവിനെ ആദരിച്ച് ലോകം

ലോക ഇതിഹാസ താരം പെലെ വിടപറയുമ്പോള്‍ ഒരുപാട് ഓര്‍മ്മകളാണെത്തുന്നത്. കാലില്‍ പന്തുകിട്ടിയാല്‍ നേരേ ഗോളടിക്കുന്ന പെലെയെ കാണാന്‍ കഴിയില്ല. പന്തു കിട്ടുമ്പോള്‍ അതീവ വേഗതയോടെ അതിനെ മുന്നോട്ടുകൊണ്ടുപോകാനും തടുക്കാന്‍ വരുന്നവനെ അതേവേഗതയില്‍ വെട്ടിയൊഴിഞ്ഞു പോകാനും പെലെയ്ക്ക് കഴിഞ്ഞിരുന്നു.
മനസില്‍ കരുതുന്ന ലക്ഷ്യത്തിലേക്ക് പന്ത് പായിക്കാനും അല്ലെങ്കില്‍ സഹതാരത്തിന് മറിച്ചുകൊടുക്കാനും പെലെയ്ക്ക് സൂക്ഷ്മമായ കഴിവുണ്ടായിരുന്നു. ഒരേസമയം ഗോള്‍ നേടാനും സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ വഴിയൊരുക്കാനും മിഡ്ഫീല്‍ഡില്‍ പന്ത് നിയന്ത്രിച്ചു നിറുത്താനും പെലെയ്ക്ക് കഴിഞ്ഞിരുന്നു. കളിക്കളത്തില്‍ ആര് എവിടെയയാക്കെ നില്‍ക്കുന്നുതെന്ന് ഞൊടിയിടയില്‍ മനസിലാക്കി തന്ത്രങ്ങള്‍ മെനയാനുള്ള അസാമാന്യമായ കഴിവാണ് അദ്ദേഹത്തെ വേറിട്ടുനിറുത്തിയത്.
90 മിനിട്ടുനേരം കളിക്കളത്തിലെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാന്‍ സാധിച്ചിരുന്ന പെലെയെ കബളിപ്പിക്കാന്‍ ശാരീരികമായ എല്ലാ മുറകളും അക്കാലത്തെ ഡിഫന്‍ഡര്‍മാര്‍ പയറ്റിയിരുന്നു. എന്നാല്‍ ഒടുവിലത്തെ ചിരി തന്റേതാക്കി മാറ്റി പെലെ ഫുട്ബാള്‍ രാജാവായി മാറി. തളരാത്ത കായികശേഷിക്ക് അതില്‍ പ്രധാന പങ്കുണ്ടായിരുന്നു. ബ്രസീലിയന്‍ തെരുവുകളിലില്‍ തേച്ചുമിനുക്കിയെടുത്ത ജീവിതാനുഭവങ്ങള്‍ വെല്ലുവിളികളെ നേരിടുന്നതില്‍ പെലെയ്ക്ക് മാനസികമായി കരുത്തുപകര്‍ന്നു.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ അണിനിരന്ന ഒരു കാലത്തുനിന്നാണ് പെലെ കാലത്തിനപ്പുറത്തേക്ക് വളര്‍ന്നത്. ഹംഗറിയുടെ പുഷ്‌കാസും ഡീ സ്റ്റിഫാനോയും കൈസര്‍ ബെക്കന്‍ ബോവറും ജസ്റ്റ് ഫൊണ്ടെയ്‌നും റെയ്‌മെന്‍ കോപ്പയും ലംഗ് യാഷീനും ഷിയാസിനോയും യോഹാന്‍ ക്രൈഫുമൊക്കെ അരങ്ങുവാണ കാലഘട്ടത്തിലാണ് കാല്‍പ്പന്തുകളിക്കുന്ന എല്ലായിടത്തും പെലെ ഒരു ഇതിഹാസമായി മാറിയത്. മറ്റുള്ളവര്‍ക്കൊന്നും നേടാന്‍ കഴിയാത്ത അമരത്വം അദ്ദേഹം നേടിയെടുത്തത് കളിക്കളത്തില്‍ കെട്ടഴിച്ചുവിട്ട പടക്കുതിരയുടെ വീര്യം കൊണ്ടായിരുന്നു.
ഫുട്ബാള്‍ പെലെയ്ക്ക് സര്‍ഗാത്മകത നിറഞ്ഞൊഴുകിയ പാനപാത്രമായിരുന്നു. ഒഴിഞ്ഞ പെട്ടിയില്‍ നിന്ന് വര്‍ണ റിബണുകള്‍ പുറത്തെടുക്കുന്ന മാന്ത്രികനെപ്പോലെ അയാള്‍ ഗോളുകള്‍ നേടിക്കൊണ്ടിരുന്നു. ഇളം മുളംതണ്ടില്‍ നിന്ന് നാദ വിസ്മയം തീര്‍ക്കുന്ന സംഗീതഞ്ജനെപ്പോലെ കാല്‍പ്പന്തുകളിയുടെ ഈണങ്ങള്‍ സൃഷ്ടിച്ചു. ലാസ്യവും താണ്ഡവവും ഒരു പോലെ വഴങ്ങുന്ന നര്‍ത്തകനെപ്പോലെ അതിവേഗച്ചുവടുകളും മനോഹര പാദചലനവീചികളും സമന്വയിച്ച നൃത്തരൂപങ്ങളൊരുക്കി. തികഞ്ഞ അഭ്യാസിയുടെ മെയ്വഴക്കത്തോടെ ദ്രുതചലനങ്ങളും ആക്രമണമുഹൂര്‍ത്തങ്ങളും ഒരുക്കി.
കറുത്തമുത്ത് എന്ന് അറിയപ്പെടുന്ന ഫുട്‌ബോള്‍ താരം പെലെ ബ്രസീലിന്റെ ഒരു സാധാരണ നീഗ്രോ കുടുംബത്തിലാണ് പിറന്നത്. ചെറുപ്പത്തില്‍ കൂട്ടുകാരോടൊപ്പം കടലാസ് പന്ത് തട്ടിക്കളിച്ചാണ് വളര്‍ന്നത്. സ്വന്തമായി ഒരു പന്ത് പോലും വാങ്ങാന്‍ കഴിവില്ലായിരുന്നു. വ്‌ളാഡിമര്‍ ബ്രിട്ടോ എന്ന മുന്‍ ലോകകപ്പ് താരം കൂടിയായ ഫുട്‌ബോള്‍ കോച്ച് ആ കുട്ടിയെ തന്റെ ക്ലബില്‍ അംഗമാക്കി.
1957-ല്‍ സാന്റോസ് ക്ലബ്ബിനുവേണ്ടി കളിച്ചുകൊണ്ടാണ് പെലെ തന്റെ ഫുട്‌ബോള്‍ കളിയിലെ അരങ്ങേറ്റം നടത്തിയത്. പതിനാറാമത്തെ വയസ്സില്‍ ബ്രസീലിന്റെ ദേശീയ ടീമില്‍ അംഗമായി. 1958-ലെ ലോകകപ്പ് ഫുട്‌ബോളില്‍ പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ പെലെ നിരവധി ഗോളുകള്‍ അടിച്ചു. ഫൈനലില്‍ 5-2 ന് സ്വീഡനെ തോല്പിച്ച് ബ്രസീല്‍ ലോകചാമ്പ്യന്മാരായപ്പോള്‍ അതില്‍ രണ്ടു ഗോളുകള്‍ പെലെയുടെ സംഭാവനയായിരുന്നു.
1962-ലെ ചിലി ലോകകപ്പില്‍ പരിക്ക് മൂലം ഫൈനലില്‍ പെലെ കളിച്ചിരുന്നില്ല. ആ ലോകകപ്പ് ബ്രസീല്‍ നേടി. ബ്രസീല്‍ അഞ്ചു തവണ ലോകകപ്പ് നേടിയപ്പോള്‍ അതില്‍ മൂന്നുതവണയും പെലെ ടീമിലുണ്ടായിരുന്നു. പെലെയുടെ നേതൃത്വത്തില്‍ ബ്രസീല്‍ ധാരാളം മത്സരങ്ങള്‍ വിജയിച്ചു.മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്‍തുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള ക്ഷണം ഉണ്ടായിട്ടും സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.
1971 ജൂലൈ 18ന് ഒന്നാംകിട ഫുട്‌ബോള്‍ മത്സരത്തോട് വിടപറഞ്ഞ അദ്ദേഹം സാമൂഹിക സേവനത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിന് നടത്തുന്ന പ്രദര്‍ശന മത്സരങ്ങളിലും മറ്റും കളിച്ചുകൊണ്ട് കര്‍മ്മനിരതനാവുകയായിരുന്നു.
https://www.facebook.com/Malayalivartha






















