തിരുവനന്തപുരത്ത് വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് വാക്ക് തർക്കം; തർക്കം മൂത്ത് യുവാവിനെ കുത്തിയത് അഞ്ച് തവണ; പ്രതിയെ പിടികൂടി

തിരുവനന്തപുരത്ത് വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നെടുങ്കാട് തളിയൽ സ്വദേശി സെന്തിൽ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കരമന സ്റ്റേഷൻ പരിധിയിൽ നെടുങ്കാട് മുളയറത്തല ഭാഗത്ത് വച്ച് സെന്തിലും നെടുങ്കാട് സ്വദേശി നന്ദുവും തമ്മിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയായിരുന്നു. ഈ സമയത്ത് ഉണ്ടായ പ്രകോപനത്തില്‍ സെന്തിൽ കത്തി ഉപയോഗിച്ച് അഞ്ച് തവണ നന്ദുവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഇയാളുടെ ആക്രമണത്തെ തുടർന്ന് ഗുരുതരമായിപരിക്കേറ്റ നന്ദു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ കരമന സി.ഐ സുജിത്ത്, എസ്.ഐ സന്തു, രാധാകൃഷ്ണൻ, സി.പി.ഒമാരായ സജീവ്, സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha






















