കോഴിക്കോട് നിന്നും വഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പേരാമ്പ്രയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് മാറ്റും

കോഴിക്കോട് നിന്നും വഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് മലപ്പുറത്തേക്ക് മാറ്റുന്നു. വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റാനാണ് നിലവിലെ നീക്കം.
അതേസമയം കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാൽ ആണ് കേസ് പരപ്പനങ്ങാടിയിലേക്ക് കൈമാറാനുള്ള വടകര റൂറൽ പൊലീസ് തീരുമാനം എടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം പുറത്ത് വന്നത്.
സംഭവ ദിവസം ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട് വിട്ട് ഇറങ്ങിയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് അന്ന് തന്നെ കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാസർകോട് റെയിൽവേ സ്‌റേഷനിൽ നിന്ന് കണ്ടെത്തി. തുടർന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
വഴിതെറ്റിയതിനെ തുടർന്ന് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിക്ക് സഹായം വാഗ്ദാനം നൽകുകയും പ്രതികളായ പ്രജീഷും മുനീറും പീഡിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഓട്ടോ ഡ്രൈവർ സജീറും പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം തിരൂരിൽ ഇറക്കിവിട്ടു. കേസിൽ ഇതിൽ മൂന്ന് പ്രതികളെ പേരാമ്പ്ര പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ട്. പരപ്പനങ്ങാടി നെടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha






















