ഭാര്യയെ ചുട്ടെരിച്ച് കൊന്ന കേസ്... ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടി ഭാര്യയെ ചുട്ടെരിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള വേട്ടമ്ബള്ളി തവലോട്ടുകോണം നാല്‌സെന്റ് കോളനിയില്‍ ജീനാ ഭവനില്‍ സുനിതയെ (35) ചുട്ടെരിച്ചു കൊന്ന കേസില്‍ സുനിതയുടെ ഭര്‍ത്താവ് ജോയ് (43) എന്ന് വിളിക്കുന്ന ജോയി ആന്റണി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
സുനിതയെ ഒഴിവാക്കി വീണ്ടും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ വേണ്ടി സുനിതയുടെ മേല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ഭര്‍ത്താവ് ജോയി ആന്റണി ദേഹോപദ്രവം ഏല്‍പ്പിക്കുമായായിരുന്നു. കൃത്യദിവസം വൈകിട്ട് അഞ്ചുമണിയോടെ സുനിതയ്ക്ക് വന്ന ഫോണ്‍കോളില്‍ കുറ്റമാരോപിച്ച് മണ്‍വെട്ടിക്കൈ കൊണ്ട് സുനിതയുടെ ശരീരത്തിന്റെ പല ഭാഗത്തും അടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തില്‍ സുനിത ബോധരഹിതയായി വീടിനകത്ത് വീണപ്പോള്‍ വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ സുനിതയുടെ പുറത്തുകൂടെ ഒഴിച്ച് തീ പിടിപ്പിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് സുനിതയുടെ മൃതശരീരം മൂന്ന് ദിവസം വരെ വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച് വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് മൃതശരീരത്തിന്റെ ഭാഗങ്ങള്‍ വീട്ടിലെ കക്കൂസിന്റെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിടുകയും ചെയ്തു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി ജനുവരി 17 ന് പറയും. പ്രതിയുടെ ജാമ്യം റദ്ദാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. 2013 ആഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട സുനിത ജോയിയുടെ മൂന്നാം ഭാര്യയായിരുന്നു.
https://www.facebook.com/Malayalivartha


























