ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍, ന്യായവിലയ്ക്കനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി പരിഷ്‌കരണവും പരിഗണനയില്‍

ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍, ന്യായവിലയ്ക്കനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി പരിഷ്‌കരണവും പരിഗണനയില്‍. ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നേക്കും.
വിവിധ നികുതികള്‍ കൂട്ടി സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി. നഷ്ടപരിഹാരം നീട്ടാതെയും വായ്പപ്പരിധി വെട്ടിക്കുറച്ചും കേന്ദ്രസര്‍ക്കാര്‍ ഞെരുക്കുമ്പോള്‍ ഇങ്ങനെയൊരു സാധ്യതമാത്രമേ സംസ്ഥാനത്തിനു മുന്നിലുള്ളൂവെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍.
2010-ലാണ് ന്യായവില പുനര്‍നിര്‍ണയിച്ചത്. അതിനുശേഷം പലഘട്ടങ്ങളിലായി ഒരേനിരക്കില്‍ വര്‍ധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. ന്യായവില പുനര്‍നിര്‍ണയിക്കാനായി കഴിഞ്ഞവര്‍ഷം ആവശ്യമുയര്‍ന്നപ്പോള്‍ പരിശോധിക്കാനായി പ്രത്യേകസമിതി രൂപവത്കരിച്ചിരുന്നു. 2022 ജൂണ്‍ 23-ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ചെയര്‍മാനായി രൂപവത്കരിച്ച സമിതിക്ക് ന്യായവില പുനര്‍നിര്‍ണയിക്കാനുള്ള അനുമതിയും നല്‍കി. സമിതിയുടെ ശുപാര്‍ശ അടിസ്ഥാനമാക്കിയാവും ബജറ്റ് പ്രഖ്യാപനം.
അതേസമയം ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം എങ്ങനെയാവുമെന്നതിനെ ആശ്രയിച്ചാവും സ്റ്റാമ്പ് ഡ്യൂട്ടി പരിഷ്‌കാരം വരുന്നത്. ന്യായവിലയുടെ വര്‍ധനയനുസരിച്ച് ഡ്യൂട്ടി കുറയുകയോ കൂടുകയോ ആവാം. എന്നാല്‍, ഉന്നതസമിതിയുടെ റിപ്പോര്‍ട്ടനുസരിച്ചുമാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവൂ.
"
https://www.facebook.com/Malayalivartha
























