പൊന്മുടിയിൽ ഹെയർപിൻ വളവിൽ അപകടം; കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞു മൂന്ന് വിനോദസഞ്ചാരികൾക്ക് പരിക്ക്

തിരുവനന്തപുരം പൊന്മുടിയിൽ കാർ ഹെയർപിൻ വളവിൽ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. പൊന്മുടി 12-ാം വളവിലായിരുന്നു അപകടം. ബ്രേക്ക് ലഭിക്കാത്തതിനെ തുടർന്ന് വിനോദസഞ്ചാരികളുടെ സ്വിഫ്റ്റ് വാഹനം താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. വൈകുന്നേരം 5.15-നാണ് അപകടമുണ്ടായത്. അപകടത്തിൽ കരമന സ്വദേശികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. കരമനയിൽ നിന്നും നെടുമങ്ങാട് നിന്നും രണ്ട് കാറുകളിലായി പൊന്മുടിയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
ഹിൽടോപ്പ് സന്ദർശിച്ച ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കാറിൽ അഞ്ച് പേരുണ്ടായിരുന്നു. ഇതിൽ കരമന സ്വദേശികളായ മൂന്ന് പേർക്കാണ് തലയ്ക്കടക്കം പരിക്കേറ്റത്. ഇവരെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പൊന്മുടി പൊലീസും വിതുര ഫയർഫോഴ്സും വിനോദസഞ്ചാരികളും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അവധി ദിവസമായതിനാൽ ഇന്ന് പൊന്മുടിയിൽ നല്ല തിരക്ക് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























