ബൈക്കപകടത്തില്‍ ചികിത്സയിലായിരുന്ന ഷൂട്ടര്‍ ബാലന്‍ അന്തരിച്ചു

ജനവാസ മേഖലകളിലിറങ്ങിയ നൂറോളം കാട്ടുപന്നികളെ വെടിവച്ചുകൊന്നിട്ടുള്ള എം പാനല്‍ ഷൂട്ടര്‍ ടികെ ബാലന്‍ (68) അന്തരിച്ചു. ബൈക്ക് അപകടത്തില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിയുകയായിരുന്നു. കാറിടിച്ച് ചത്ത പന്നിയെ മാറ്റുന്നതിനിടെയാണ് ബാലനെ ബൈക്കിടിച്ചത്.
വെള്ളിയാഴ്ചയാണ് ബാലന്‍ അപകടത്തില്‍പ്പെടുന്നത് . രാത്രി 10 മണിക്ക് എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവില്‍ വച്ചാണ് അപകടം സംഭവിച്ചത്. ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ ബാലന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടുകൂടിയാണ് മരിച്ചത്.
മുക്കം നഗരസഭ, കാരശ്ശേരി, മാവൂര്‍, ചാത്തമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിലെ എംപാനല്‍ ഷൂട്ടര്‍ ആയിരുന്നു ബാലന്‍. സമീപകാലത്ത് കോഴിക്കോട് നഗരപരിധിയില്‍ തൊണ്ടയാട് ബൈപാസില്‍ പാലാഴി ഹൈലൈറ്റ് മാളിനു സമീപം വെടിവയ്ക്കുന്നതിനിടെ പരുക്കേറ്റെങ്കിലും സാഹസികമായി കാട്ടുപന്നിയെ കൊന്നിരുന്നു.
പൊലീസില്‍ ജോലി ചെയ്ത ബാലന്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് പ്രിവന്റീവ് ഓഫിസറായാണ് വിരമിച്ചത്. മുക്കം നഗരസഭയിലെ കച്ചേരി സ്വദേശിയാണ് അദ്ദേഹം.
https://www.facebook.com/Malayalivartha
























