പാഞ്ഞെത്തിയ കൊലയാളി ബസ് സൈക്കിള്‍ ഉന്തി പോയ കുരുന്നുകളെ ഇടിച്ചു തെറിപ്പിച്ചു; മകന്‍ ആണെന്ന് അറിയാതെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് പിതാവ്

പാലായില്‍ ശലണ്യ ബസിന്റെ കൊലവിളിയില്‍ പൊലിഞ്ഞത് ആറ്റുനോറ്റുണ്ടായ കുട്ടി. അമിതവേഗത്തിലെത്തിയ സ്വകാര്യബസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ആര്‍ ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത്രനായ മനോജിന്റെ ബസ്സായ ശരണ്യയാണ് അപകടമുണ്ടാക്കിയത്.
അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വെള്ളിലാപ്പള്ളി തേവര്‍കുന്നേല്‍ സാജന്‍ തോമസ്ഷിജി ദമ്പതികളുടെ ഏക മകന്‍ ആകാശ്(13) ആണു മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ റബര്‍ത്തോട്ടത്തിലേക്കു തെറിച്ചുവീണ, താളനാനിക്കല്‍ ദിലീപിന്റെ മകന്‍ ക്രിസ്റ്റിയെ(14) കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിസ്റ്റിയും ഇതേ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകിട്ട് അഞ്ചിന് പാലാകൂത്താട്ടുകുളം റോഡില്‍ വെള്ളിലാപ്പള്ളി പുതുവേലി പാലത്തിന് സമീപമായിരുന്നു അപകടം.
ബസ് ഇടിച്ച് മരിച്ചതു സ്വന്തം മകനാണെന്നറിയാതെ പിതാവ് മകന്റെ മുറിവേറ്റ ശരീരവുമായി ആശുപത്രിയിലേക്കു പാഞ്ഞു. രക്തത്തില്‍ കുളിച്ചു മടിയില്‍ കിടന്ന ആ കുട്ടി മകനാണെന്നും അവന്റെ ജീവന്‍ പൊലിഞ്ഞെന്നും ആശുപത്രിയില്‍ വച്ചാണ് സാജന്‍ തിരിച്ചറിഞ്ഞത്. സാജനും ഭാര്യ ഈരാറ്റുപേട്ട മൂലേച്ചാലില്‍ സിജിക്കും വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തിനു ശേഷം ജനിച്ച ഏക മകനായിരുന്നു ആകാശ്. അപകടം നടന്ന സ്ഥലത്തോടെ ചേര്‍ന്നാണ് ആകാശിന്റെ വീട്. അമിത വേഗത്തിലെത്തിയ ശരണ്യ എന്ന സ്വകാര്യ ബസ് വിദ്യാര്‍ത്ഥികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തെ മറികടന്നെത്തിയ ശരണ്യ ബസ് എതിരെ വന്ന തടി കയറ്റിയ ലോറിയില്‍ ഇടിക്കാതെ ഇടത്തേക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടം. വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ടശേഷം നിയന്ത്രണംവിട്ട ബസ് റോഡരുകിലെ വൈദ്യുതപോസ്റ്റില്‍ ഇടിച്ചാണു നിന്നത്. അപകടത്തെത്തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ അക്രമാസക്തരായി. ബസ് തല്ലിത്തകര്‍ത്തു. ബസിന് ഈ റൂട്ടില്‍ ഓടാന്‍ പെര്‍മിറ്റ് ഇല്ലെന്നും അനധികൃതമായി സര്‍വീസ് നടത്തുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
സ്‌കൂള്‍ വിട്ട് ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ആകാശും സുഹൃത്ത് താളനാനിക്കല്‍ ക്രിസ്റ്റി ദിലീപും. അമനകര ചവറ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. സൈക്കിള്‍ തള്ളിക്കൊണ്ട് നടക്കുകയായിരുന്നു ഇവര്‍. എറണാകുളത്തു നിന്ന് പത്തനംതിട്ടയ്ക്കു പോവുകയായിരുന്ന ബസ് പിന്നില്‍ നിന്നു വന്ന് വിദ്യാര്‍ത്ഥികളെ ഇടിച്ചു തെറിപ്പിച്ചു. റോഡരികിലെ റബര്‍ തോട്ടത്തിലേക്ക് ക്രിസ്റ്റി തെറിച്ചു വീണു. ആകാശിനെ ബസിനടിയില്‍ നിന്നാണ് പുറത്തെടുത്തത്. സൈക്കിളും തെറിച്ചുപോയി. ശബ്ദം കേട്ട് ഓടിയെത്തിയ സാജന്‍ രണ്ടു കുട്ടികളെയും എടുത്ത് കാറില്‍ കയറ്റി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെ പാലാ സിഐ ബാബു സെബാസ്റ്റ്യനു പരുക്കേറ്റു. ഇദ്ദേഹത്തെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥിരം ശല്യക്കാരനായ ഈ ബസ് ഉണ്ടാക്കിയിട്ടുള്ള അപകടങ്ങള്‍ നിരവധിയാണ്. ബസിലെ തൊഴിലാളികളും കടുത്ത ദാര്‍ഷ്ഠ്യക്കാരാണ്. ഇതില്‍ പല ബസുകള്‍ക്കും പെര്‍മിറ്റില്ലായെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ തൊടാന്‍ പേടിയാണെന്ന് മാത്രം. ഭരണത്തില്‍ പിടിയുള്ളവര്‍ക്ക് എന്തുമാകാമല്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha