ഡോ. സിസ തോമസിന് സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ വിലക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഡോ. സിസ തോമസിന് സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ വിലക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. നോട്ടീസിന് മറുപടി നല്‍കാന്‍ സിസ തോമസിനോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. അതിനിടെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ തടഞ്ഞ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
സര്‍ക്കാര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല വിസി ചുമതലയേറ്റെടുത്തതിലാണ് സര്‍ക്കാര്‍ ഡോ. സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അനുമതി തേടാത്തത് ചട്ടവിരുദ്ധമെന്നും വകുപ്പുതല നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ടായിരുന്നു, ഇതിലെ തുടര്‍നടപടികളാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിലക്കിയത്. സിസ തോമസ് നല്‍കിയ പരാതിയിലാണ് നടപടി.
കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ സിസയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ തടഞ്ഞ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടു. സിന്‍ഡിക്കേറ്റിന് വേണ്ടി ഐ.ബി.സതീഷ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സിന്‍ഡിക്കേറ്റിന്റെയും ബോര്‍ഡ് ഓഫ് ഗവേണേഴ്‌സിന്റെയും തീരുമാനങ്ങള്‍ താത്കാലിക വി.സി സിസ തോമസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ റദ്ദാക്കിയത്. ഗവര്‍ണറുടെ ഉത്തരവ് നിയമപരമല്ലെന്നും, തീരുമാനമെടുത്ത സമിതികളെ കേള്‍ക്കാതെയുള്ള നടപടി സര്‍വകലാശാല നിയമത്തിനെതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha

























