കേരളത്തില്‍ ഇതര മതസ്ഥരെ ഇല്ലാതാക്കാനും ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനും പിഎഫ്‌ഐ ശ്രമം'

പോപ്പുലര്‍ ഫ്രണ്ട് നിരോധന കേസില്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പിഎഫ്‌ഐ ലക്ഷ്യമിട്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 59 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. റിപ്പോര്‍ട്ടേഴ്‌സ് വിങ്, ഫിസിക്കല്‍ ആന്‍ഡ് ആംഡ് ട്രെയിനിങ് വിങ്, സര്‍വീസ് വിങ് തുടങ്ങിയ വിഭാഗങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിയെന്നും കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.
പാലക്കാട് ശ്രീനിവാസന്‍ കേസ് പ്രതികളെക്കൂടി ഉള്‍പ്പെടുത്തിയാണ് 30,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 153 എ, 120 ബി ആര്‍/ ഡബ്ല്യു 302 എന്നിവയും യുഎപിഎ 13,16, 18, 18 എ, 18 ബി, 20 വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കേരളത്തിലെ ഇതര മതസ്ഥരായ വ്യക്തികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു, പിഎഫ്ഐയ്ക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നല്‍കാനും പ്രതികാരം ചെയ്യാനും കേഡറിനെ സജ്ജമാക്കാന്‍ ഭാരവാഹികള്‍ ഗൂഢാലോചന നടത്തി, നേതൃത്വത്തിന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി മുന്‍കൂട്ടി തിരഞ്ഞെടുത്ത വ്യക്തികളെ ഇല്ലാതാക്കാന്‍ പിഎഫ്‌ഐ 'ആയുധ പരിശീലന വിങ്' ഉപയോഗിച്ചു, നിരോധിത സംഘടനയായ ഐഎസിനെ പിഎഫ്‌ഐ നേതാക്കള്‍ പിന്തുണച്ചു തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെയുണ്ട്.
https://www.facebook.com/Malayalivartha

























