സദാചാര കൊലക്കേസ്... നാലു പ്രതികള്‍ ഉത്തരാഖണ്ഡില്‍ പിടിയിലായി;എട്ടംഗ കൊലയാളി സംഘത്തിലെ നാലു പേരെ കൂടി പിടിക്കിട്ടാനുണ്ട്

തൃശൂരിലെ സദാചാര കൊലക്കേസില്‍ നാലു പ്രതികള്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍. ബസ് ഡ്രൈവറെ ആക്രമിച്ചതിന്റെ മൂന്നാം നാള്‍ പ്രതികള്‍ ഉത്തരാഖണ്ഡിലേക്ക് കടന്നിരുന്നു. നാളെ വൈകിട്ടോടെ തൃശൂരില്‍ എത്തിക്കും. ഫെബ്രുവരി പതിനെട്ടിന് അര്‍ധരാത്രിയായിരുന്നു കൊലപാതകം.
തൃശൂര്‍ ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് ഉത്തരാഖണ്ഡില്‍ പിടിയിലായത്. റൂറല്‍ എസ്.പി. ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തില്‍ അന്‍പതിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ കുടുക്കാന്‍ തീവ്രമായ ശ്രമം തുടരുകയായിരുന്നു. സൈബര്‍ സെല്‍ നടത്തിയ നിര്‍ണായക നീക്കമായിരുന്നു വഴിത്തിരിവായത്.
പ്രതികള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത് വാട്‌സാപ്പ് കോളിലൂടെ മാത്രമായിരുന്നു. വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്‌റ്റേഷനില്‍ നിരീക്ഷണത്തിലാക്കി. ഈ സമയത്താണ് പ്രതികള്‍ വാട്‌സാപ്പില്‍ ബന്ധപ്പെട്ടത്. പ്രതികളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതും ഇങ്ങനെയാണ്. എട്ടംഗ കൊലയാളി സംഘത്തിലെ നാലു പേരെ കൂടി പിടിക്കിട്ടാനുണ്ട്.
ഒന്നാംപ്രതി രാഹുല്‍ വിദേശത്തേയ്ക്കു കടന്നു. ബസ് ഡ്രൈവര്‍ സഹാര്‍ പെണ്‍ സുഹൃത്തിനെ കാണാന്‍ അര്‍ധരാത്രി വന്നു. അധ്യാപികയായ പെണ്‍സുഹൃത്ത് ഭര്‍തൃമാതാവിനും കുഞ്ഞിനൊപ്പമായിരുന്നു താമസം. ഭര്‍ത്താവ് വിദേശത്തായിരുന്നു. ഒന്നാം പ്രതി രാഹുലിന്റെ ചങ്ങാതിയാണ് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ്. കൊല്ലപ്പെട്ട സഹാറും കൊലയാളികളായ എട്ടു പേരും ഒരേ നാട്ടുകാരാണ്. അടുത്ത പരിചയക്കാരും. സഹാറിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി എട്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























