തലസ്ഥാന ജില്ലാ കോടതിയിലെ ചെസ്റ്റില്‍ (ലോക്കറില്‍) നിന്നും പണാപഹരണം... സാക്ഷി വിസ്താരം തുടങ്ങി, സംഭവം അറിയിച്ച ഒന്നാം സാക്ഷി മുന്‍ സീനിയര്‍ സൂപ്രണ്ടിനെ വിസ്തരിച്ചു, 5 പ്രാമാണിക തെളിവുകള്‍ കോടതി രേഖകളാക്കി, വാല്യുവബള്‍സ് രജിസ്റ്റര്‍ വിളിച്ചു വരുത്തണണമെന്ന ഹര്‍ജിയില്‍ 22 ന് ഉത്തരവ് പ്രഖ്യാപിക്കും

തലസ്ഥാന പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ചെസ്റ്റില്‍ (പണം, സ്വര്‍ണ്ണം തുടങ്ങി വിലപ്പെട്ട വകകള്‍ സൂക്ഷിക്കുന്ന ലോക്കറില്‍) നിന്നും പണാപഹരണം നടത്തിയെന്ന കേസില്‍ സാക്ഷി വിസ്താര വിചാരണ തുടങ്ങി.
തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ മുമ്പാകെയാണ് വിചാരണ ആരംഭിച്ചത്. ഒന്നാം സാക്ഷിയായി സംഭവം ജില്ലാ ജഡ്ജിയെ അറിയിച്ച മുന്‍ സീനിയര്‍ സൂപ്രണ്ട് കമലത്തെ വിസ്തരിച്ചു.
പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 5 പ്രാമാണിക തെളിവുകള്‍ കോടതി രേഖകളാക്കി. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മുന്‍ സീനിയര്‍ സൂപ്രണ്ടും ശിരസ്തദാറുമായിരുന്ന വിമല്‍ കുമാറാണ് ഏക പ്രതിയായി വിചാരണ നേരിടുന്നത്. അതേ സമയം മുന്‍ സീനിയര്‍ സൂപ്രണ്ട് തനിക്ക് ലോക്കര്‍ താക്കോല്‍ കൈമാറുമ്പോള്‍ ലോക്കറിനുള്ളിലെ വകകള്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ (ഭൗതികമായി വകകള്‍ രജിസ്റ്ററുമായി ഒത്തു നോക്കി എണ്ണി തിട്ടപ്പെടുത്തി പരസ്പരം ബോധ്യപ്പെടുത്തി നല്‍കല്‍) നടത്തി നല്‍കിയില്ലെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ചോദ്യം ഉന്നയിച്ചു.
ജില്ലാ കോടതിയില്‍ സൂക്ഷിച്ചിട്ടുള്ള വാല്യുബള്‍സ് (പണം , സ്വര്‍ണ്ണം തുടങ്ങിയവ രേഖപ്പെടുത്തുന്ന) രജിസ്റ്റര്‍ വിളിച്ചു വരുത്തണണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ 22 ന് കോടതി ഉത്തരവ് പ്രഖ്യാപിക്കും.
സംഭവം 2011 ല്‍ നടന്നുവെന്നാണ് കേസ്. പൊതുസേവകനെന്ന നിലയില്‍ വസ്തുവിന്മേലുള്ള നിയന്ത്രണാധികാരമോ ഏതെങ്കിലും വിധത്തില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കെ , ആ വസ്തു നേരു കേടായി ദുര്‍വിനിയോഗം ചെയ്യുകയോ സ്വന്തം ഉപയോഗത്തിന് വേണ്ടി മറിക്കുകയോ അല്ലെങ്കില്‍ അങ്ങനെയുള്ള ട്രസ്റ്റ് നിര്‍വഹിക്കേണ്ട രീതി നിര്‍ണ്ണയിക്കുന്ന നിയമ നിദേശമോ നിയമാനുസൃത കരാറോ ലംഘിച്ചുകൊണ്ട് ആ വസ്തു നേരുകേടായി ഉപയോഗിക്കുകയോ.വ്യയനം ചെയ്യുകയോ അല്ലെങ്കില്‍ അപ്രകാരം ചെയ്യുവാന്‍ മറ്റേതെങ്കിലും ആളെ മന : പൂര്‍വ്വം അനുവദിക്കുകയോ ചെയ്ത് കാല്‍ലക്ഷത്തോളം രൂപയും നാണയങ്ങളും പണാപഹരണം ചെയ്ത് കുറ്റകരമായ വിശ്വാസ ലംഘനം നടത്തിയെന്നാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 409 (പൊതുസേവകന്‍ കുറ്റകരമായ ട്രസ്റ്റ് ലംഘനം നടത്തല്‍) എന്ന കുറ്റം വിചാരണക്കു മുന്നോടിയായി ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്യുന്നത്. 2011 സെപ്റ്റംബര്‍ 20 നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസന്വേഷിച്ചത്.
"
https://www.facebook.com/Malayalivartha
























